മുംബൈ: കൊവിഡ് 19 രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ സീസണ്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക എം എസ് ധോണിക്കാണെന്നുള്ളതില്‍ സംശയമില്ല. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ധോണിയെ ടീമിലേക്ക് പരിഗണിക്കുകയെന്ന് കോച്ച് രവി ശാസ്ത്രും സെലക്റ്റര്‍ സുനില്‍ ജോഷിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സീസണിലെ ഐപിഎല്‍ ഉപേക്ഷിക്കാന്‍ തന്നെ സാധ്യതകള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ ധോണിയുടെ ആരാധകരും നിരാശയിലാണ്. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത് ധോണിയുടെ തിരിച്ചുവരവും ഐപിഎലും തമ്മില്‍ ബന്ധമില്ലെന്നാണ്. അദ്ദേഹം തുടര്‍ന്നു.... ''ധോണിയെന്ന താരത്തിന്റെ മികവ് അളക്കുന്നത് ഐപിഎല്ലിലെ പ്രകടനങ്ങളല്ല. ധോണി ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഒരുപാട് അഭിപ്രായങ്ങള്‍ ഉയരും. ധോണി അത് ചെയ്യണം ഇത് ചെയ്യണമെന്നൊക്കെ ക്രിക്കറ്റ് വിദഗ്ധര്‍ പറയും. എന്നാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള ആളാണ് ധോണി.

ദേശീയ ടീമിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ധോണിക്ക് ബോധ്യമുണ്ട്. തിരിച്ചുവരണം എന്നുണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം സെലക്റ്റര്‍മാരെ അറിയിക്കും. സെലക്റ്റര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത്. എന്തെന്നാല്‍ പരിചയസമ്പത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന സാധനമല്ല.'' മുന്‍ ടെസ്റ്റ് ഓപ്പണര്‍ വ്യക്തമാക്കി.