ഇന്ത്യ- ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് മൂവരുടേയും തീരുമാനം. മാഞ്ചസ്റ്ററില്‍ കളിക്കാനുള്ള ബുദ്ധിമുട്ട് ടീം ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്ന് മത്സരം റദ്ദാക്കുകയായിരുന്നു.

ദില്ലി: കഴിഞ്ഞ ദിവസമാണ് ഡേവിഡ് മാലന്‍, ജോണി ബെയര്‍സ്‌റ്റോ, ക്രിസ് വോക്‌സ് എന്നിവര്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇന്ത്യ- ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് മൂവരുടേയും തീരുമാനം. മാഞ്ചസ്റ്ററില്‍ കളിക്കാനുള്ള ബുദ്ധിമുട്ട് ടീം ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്ന് മത്സരം റദ്ദാക്കുകയായിരുന്നു.

നേരത്തെ ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ പിന്മാറിയിരുന്നു. ഇതോടെ ആറില്‍ കൂടുതല്‍ ഇംഗ്ലീഷ് താരങ്ങള്‍ വരില്ലെന്നായി. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളിലെ ചതിച്ചതായി കരുതപ്പെടുമെന്നാണ് ചോപ്ര പറയുന്നത്.

ചോപ്രയുടെ വാക്കുകള്‍... ''ബട്‌ലര്‍, ആര്‍ച്ചര്‍, സ്റ്റോക്‌സ് എന്നിവര്‍ നേരത്തെ പിന്മാറി. ഇപ്പോല്‍ വോക്‌സ്, ബെയര്‍സ്‌റ്റോ, മലാന്‍ എന്നിവര്‍ വരുന്നില്ലെന്ന് അറിയിച്ചു. അതിനര്‍ത്ഥം ആറ് പേര്‍ ഐപിഎല്ലിനുണ്ടാവില്ലെന്നാണ്. ഇതൊരു വലിയ പിന്മാറ്റമാണ്. ഐപിഎല്‍ കുടുംബം ഇത് മറക്കാനിടയില്ല. തങ്ങള്‍ ചതിക്കപ്പെട്ടെന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് തോന്നിയേക്കാം. ഇക്കാര്യം ഇംഗ്ലീഷ് താരങ്ങള്‍ മനസിലാക്കിയില്‍ നന്നായിരിക്കും.

ശരിയാണ് നമ്മള്‍ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഈയൊരു വലിയ പിന്മാറ്റം ഫ്രാഞ്ചൈസികള്‍ എല്ലാ കാലത്തും ഓര്‍ത്തിരിക്കും. അടുത്ത തവണ താരലേലം വരുമ്പോള്‍ ഈ താരങ്ങളെ എടുക്കാതിരിക്കാനും സാധ്യതയേറെയാണ്.'' ചോപ്ര വ്യക്തമാക്കി.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറിയത്. അഞ്ചാം ടെസ്റ്റ് പിന്നീട് നടത്താമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു.