രാഹുല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സാണ് അടിച്ചെടുത്തത്. റണ്‍വേട്ടയില്‍ മൂന്നം സ്ഥാനത്തുണ്ട് താരം.
ലക്‌നൗ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ രാഹുല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 532 റണ്‍സാണ് അടിച്ചെടുത്തത്. റണ്‍വേട്ടയില്‍ മൂന്നം സ്ഥാനത്തുണ്ട് താരം. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവം രാഹുല്‍ അറിയിച്ചതേയില്ല. രാഹുലിന്റെ പ്രകടനത്തെ വാഴ്ത്ത് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
ഇപ്പോള്‍ രാഹുലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ്. രാഹുലിന്റെ ഒരുക്കങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മുന്‍ ഇന്ത്യന്‍ പേസറുടെ വാക്കുകള്‍... ''ഏതൊക്കെ ഷോട്ടുകള്‍ ഒഴിവാക്കണമെന്ന് രാഹുല്‍ പരമ്പരയ്ക്ക് മുമ്പ് തന്നെ തീരുമാനം എടുത്തിരുന്നവെന്ന് എനിക്ക് തോന്നുന്നു. ബാറ്റ് എപ്പോഴും ശരീരത്തോട് ചേര്‍ന്നായിരുന്നു. ഫുള്‍ ലെങ്ത് ബോളുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ലെങ്ത് ബോളുകളില്‍ നിന്ന് സിംഗിള്‍സ് എടുക്കാന്‍ അദ്ദേഹം ശ്രമിച്ചു.'' ആര്‍ പി സിംഗ് പറഞ്ഞു.
രാഹുല്‍ നന്നായി കളിക്കുക മാത്രമല്ല, സഹതാരങ്ങള്‍ക്ക് വിലയേറിയ നിര്‍ദേശം നല്‍കിയെന്നും ആര്‍ പി സിംഗ്. ''ബാറ്റ് ചെയ്യുമ്പോള്‍, ചില സമയങ്ങളില്‍ പന്ത് എത്രത്തോളം സ്വിംഗ് ചെയ്യുന്നുവെന്നൊക്കെ ഒരു താരത്തിന് പങ്കാളിയോട് പറയേണ്ടി വരും. അത്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ രാഹുല്‍ മികച്ചുനിന്നു.'' ആര്‍ പി സിംഗ് പറഞ്ഞു.
നേരത്തെ, മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയും രാഹുലിനെ കുറിച്ച് സംസാരിച്ചിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവുടെ അഭാവത്തില്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പരിചയസമ്പന്നനായ ബാറ്ററായി മാറിയെന്ന് നെഹ്‌റ പറഞ്ഞു.
നെഹ്‌റയുടെ വാക്കുകള്‍... ''കോലിയും രോഹിത്തും ടീമിലില്ല. ടീമിലുള്ളത് കുറച്ച് യുവതാരങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് പര്യടനം എളുപ്പമല്ല. അവിടെയാണ് രാഹുല്‍ ഒരു പരിചയസമ്പന്നനായ ബാറ്ററായി മാറിയത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ഉപയോഗിച്ച പിച്ച് ഫ്‌ളാറ്റായിരുന്നു. രാഹുലിന് അവിടെ നന്നായി കളിക്കാന്‍ സാധിച്ചു. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരന്‍ എന്ന ചിന്ത രാഹുലിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം ഓപ്പണിംഗ് സ്ഥാനത്ത് കളിക്കുകയെന്നുള്ളതാണ്. അതേ സ്ഥാനത്ത് തന്നെ കളിക്കാന്‍ അവസരം ലഭിച്ചത് നല്ലതായി തോന്നി. ഇഷ്ടപ്പെട്ട സ്ഥാനത്ത് ലഭിച്ച അവസരം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തി.'' നെഹ്‌റ വ്യക്തമാക്കി.

