ആദ്യ ടി20യില്‍ കളിക്കാന്‍ അവസരം ലഭിക്കാതായതോടെ വിന്‍ഡീസിനെതിരെ സഞ്ജുവിന് ഇനി ഓപ്പണിംഗ് ഇറക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.
ദില്ലി: കെ എല്‍ രാഹുലിന് പരിക്കേറ്റപ്പോഴാണ് സഞ്ജു സാംസണിനെ (Sanju Samson) വിന്‍ഡീസിനെതിരായ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചതുമില്ല. പകരം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇതുവരെ ഓപ്പണറായി കളിക്കാത്ത സൂര്യകുമാര്‍ യാദവ് (Suryakumar Yadav) എത്തുകയും ചെയ്തു. നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാര്‍ പുറത്തെടുത്തത്. പിന്നെ എന്തിനാണ് സഞ്ജുവിനെ ടീമിലെടുത്തതെന്ന് പലരും ചോദിച്ചു. അതിനൊന്നും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
ആദ്യ ടി20യില്‍ കളിക്കാന്‍ അവസരം ലഭിക്കാതായതോടെ വിന്‍ഡീസിനെതിരെ സഞ്ജുവിന് ഇനി ഓപ്പണിംഗ് ഇറക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. അദ്ദേഹം വിലയിരുത്തുന്നതിങ്ങനെ... ''സഞ്ജു മുമ്പ് രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ സഞ്ജുവിന്റെ സേവനം ലഭിക്കുമായിരുന്നു. എന്നാല്‍ സൂര്യുകാര്‍ യാദവാണ് ഓപ്പണറായെത്തിയത്. ടീം മാനേജ്‌മെന്റ് ഒരിക്കല്‍ പോലും ഓപ്പണിംഗ് സഖ്യത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു.
മുരളി വിജയ്‌ക്കെതിരെ വീണ്ടും ഡി കെ വിളികളുമായി കാണികള്‍; പ്രകോപിതനായി താരം- വൈറല്‍ വീഡിയോ
കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗിനെത്തും. മത്സരത്തില്‍ നിന്ന് സഞ്ജു പുറത്തായിക്കഴിഞ്ഞു. റിതുരാജ് ഗെയ്കവാദിന് പരിക്കേറ്റപ്പോഴാണ് അയര്‍ലന്‍ഡിനെിരെ ദീപക് ഹൂഡ ഓപ്പണറായത്. ഹൂഡ ഒരു ഓപ്പണിംഗ് ബാറ്റ്‌സ്മാനല്ല. എന്നിട്ടും ഓപ്പണറായി. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെയെല്ലാം പകരക്കാരുടെ റോളിലാണ് ഹൂഡയും സഞ്ജുവുമെല്ലാം കളിക്കുന്നത്. ഓപ്പണറായി ഹൂഡയെ ഇനിയും പരിഗണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.'' ചോപ്ര പറഞ്ഞു.
ഇന്നാണ് വിന്‍ഡീസിനെതിരെ രണ്ടാം ടി20. ഇന്നും ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെന്റ് കീറ്റ്‌സിലാണ് വിന്‍ഡീസിനെതിരായ മത്സരം. ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കും. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ കരുത്തിലാണ് ഇന്ത്യ. മൂന്ന് സ്പിന്നര്‍മാരെ ഇറക്കി വിന്‍ഡീസിനെ കറക്കിവീഴ്ത്തിയ തന്ത്രം രണ്ടാം മത്സരത്തിലും ഇന്ത്യ തുടര്‍ന്നേക്കും. ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ ഡിഡി സ്പോര്‍ട്സാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ സ്‌പോര്‍ട്‌സ് മാക്‌സ് ചാനലിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാകുക.
കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച് കൊച്ചിയില്‍; ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍- വീഡിയോ
ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് ത്രയമാണ് ആദ്യമത്സരത്തില്‍ ഇറങ്ങിയത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും ഫിനിഷറായി തിളങ്ങുന്ന ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ കരുത്താണ്. ഓപ്പണിംഗില്‍ സൂര്യകുമാറിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്. ഈ വര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാര്‍. ബാറ്റിംിഗ് ലൈനപ്പില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇനിയുണ്ടെങ്കില്‍ തന്നെ ശ്രേയസ് അയ്യരെ മാത്രമെ ഒഴിവാക്കൂ. മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ ദീപക് ഹൂഡയായിരിക്കും പകരമെത്തുക. സഞ്ജു ഇനിയും കാത്തിരിക്കേണ്ടി വരും. ഭുവനേശ്വറിനൊപ്പം അര്‍ഷ് ദീപ് തന്നെയാകും പേസ് ബൗളിംഗില്‍.
ഇന്ത്യ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ദീപക് ഹൂഡ/ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
