മൂവരും വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. തീരുമാനം പൂര്‍ണമായും ശരിയാവുകയും ചെയ്തു. എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര കിരീടം നേടുകയും ചെയ്തു.

മുംബൈ: 2007ല്‍ പ്രഥമ ടി20 ലോകകപ്പിനുള്ള (T20 World Cup) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar), രാഹുല്‍ ദ്രാവിഡ് (Rahul Dravid), സൗരവ് ഗാംഗുലി (Sourav Ganguly) എന്നിവരുടെ പേര് പേര് ഉണ്ടായിരുന്നില്ല. മൂവരും വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. തീരുമാനം പൂര്‍ണമായും ശരിയാവുകയും ചെയ്തു. എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര കിരീടം നേടുകയും ചെയ്തു. 

പിന്നീടാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാനുള്ള തീരുമാനം ബിസിസിഐ എടുക്കുന്നത്. ആ സമയത്ത് സച്ചിനും ദ്രാവിഡും ഗാംഗുലിയും വിവിഎസ് ലക്ഷ്മണും ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികവ് തെളിയിച്ചിരുന്നു. എന്നാല്‍ ടി20 ക്രിക്കറ്റില്‍ വേണ്ടത്ര ശോഭിക്കാന്‍ ഇവര്‍ക്കായിരുന്നില്ല. ഇന്റര്‍നാഷണല്‍ കരിയറില്‍ സച്ചിനും ദ്രാവിഡും ഓരോ ടി20 മത്സരങ്ങള്‍ കളിച്ചു. ഐപിഎല്‍ അരങ്ങേറിയപ്പോള്‍ നാല് പേരും മാര്‍ക്വീ താരങ്ങളായിരുന്നു.

സച്ചിന്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ ദ്രാവിഡായിരുന്നു. ഗാംഗുലി കൊല്‍ക്കത്ത റൈഡേഴ്‌സിനെ നയിച്ചു. ലക്ഷ്മണ്‍ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനേയും നയിച്ചു. ടി20യില്‍ സച്ചിനാണ് കുറച്ചെങ്കിലും സ്വാധീനം ചെലുത്തിയത്. എന്നാല്‍ ആര്‍ക്കും കൂടുതല്‍ നേട്ടങ്ങള്‍ അവകാശപ്പെടാനില്ല. അതിന് കാരണം വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍ സബാ കരീം.

എല്ലാവര്‍ക്കും വയസാണ് വിലങ്ങുതടിയായതെന്ന് അദ്ദേഹം വ്യക്തമാക്കി. കരീമിന്റെ വാക്കുകള്‍... ''രണ്ടോ മൂന്നോ വര്‍ഷം വൈകിയാണ് ഐപിഎല്‍ കരിയര്‍ ഇതിഹാസ താരങ്ങളിലേക്കെത്തുന്നത്. ഏകദിന ക്രിക്കറ്റില്‍ സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും ലക്ഷ്മണിനും നേട്ടങ്ങള്‍ നിരവധിയുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് അനായാസം ടി20 ക്രിക്കറ്റ് കളിക്കാമായിരുന്നു. അവര്‍ നന്നായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ കരിയറിന്റെ സായാഹ്നനങ്ങളിലായിരുന്നു. അവര്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടി.'' കരീം പറഞ്ഞു. 

സച്ചിന്‍ ആറ് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി 78 ഐപിഎല്‍ മത്സരങ്ങളാണ് കളിച്ചത്. 2334 റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ശരാശരി 34.83. ഇതില്‍ 13 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 36-ാം വയസില്‍ സച്ചിന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഐപിഎല്‍ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയും ചെയ്തു. 2010 സീസണില്‍ 618 റണ്‍സാണ് സച്ചിന്‍ നേടിയത്. 47 ആയിരുന്നും സീസണില്‍ സച്ചിന്റെ ശരാശരി. 

കണക്കുകളില്‍ സച്ചിന് പിന്നില്‍ ദ്രാവിഡാണ്. 89 മത്സരങ്ങളാണ് ദ്രാവിഡ് ബാംഗ്ലൂരിനും രാജസ്ഥാന്‍ റോയല്‍സിനുമാായി കളിച്ചത്. ആറ് സീസണില്‍ നിന്ന് നേടിയത് 2174 റണ്‍സ്. ഇതില്‍ 11 അര്‍ധ സെഞ്ചുറികളുണ്ടായിരുന്നു. 2011ലാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കരിയര്‍ അവസാനിപ്പിച്ചു. ഗാംഗുലി 59 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു. കൊല്‍ക്കത്തയും പൂനെ വാരിയേഴ്‌സുമായിരുന്നു ഗാംഗുലിയുടെ ടീമുകള്‍. ആറ് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 1349 റണ്‍സാണ ഗാംഗുലി നേടിയത്. 20 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ച ലക്ഷ്മണ്‍ 282 റണ്‍സ് മാത്രമാണ് നേടിയത്.