അടുത്തിടെ ചാഹല്‍, കുല്‍ദീപ് എന്നിവരുടെ പ്രകടനം മോശമായപ്പോള്‍ അശ്വിനെ തിരിച്ചുകൊണ്ടുവരണമെന്ന് വാദിച്ചവരുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണും അതുതന്നെയാണ് പറയുന്നത്.

ചെന്നൈ: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആര്‍ അശ്വിന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങല്‍ കളിച്ചത്. 2017 ജൂലൈയില്‍ നടന്ന വെസ്റ്റ് പര്യടനത്തിലായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന്റെ സ്ഥാനത്ത് കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരൊക്കെ കളിച്ചുകൊണ്ടിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മോശം പ്രകടനമായിരുന്നു ആ സമയത്ത് അദ്ദേഹം നടത്തികൊണ്ടിരുന്നത്. അശ്വിനൊപ്പം രവീന്ദ്ര ജഡേജയും ടീമില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ ജഡേജ ടീമിലേക്ക് തിരിച്ചുവരവ് നടത്തി.

അടുത്തിടെ ചാഹല്‍, കുല്‍ദീപ് എന്നിവരുടെ പ്രകടനം മോശമായപ്പോള്‍ അശ്വിനെ തിരിച്ചുകൊണ്ടുവരണമെന്ന് വാദിച്ചവരുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണും അതുതന്നെയാണ് പറയുന്നത്. ടി20 ലോകകപ്പ് ടീമിലേക്ക് അശ്വിനെ തിരിച്ചുവിളിക്കണമെന്ന് ശിവരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പമുണ്ട് അശ്വിന്‍. അവന്‍ മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അടുത്തകാലത്ത് ഇന്ത്യയുടെ വിജയങ്ങളില്‍ അശ്വിന് നിര്‍ണായക പങ്കുണ്ട്. വളരെയേറെ പരിചയസമ്പന്നനും. അശ്വിന്റെ പരിയസമ്പത്ത് ടീമിന് ഗുണം ചെയ്യും. 

മാത്രമല്ല, ഇടങ്കയ്യന്‍മാര്‍ക്കെതിരെ മികച്ച റെക്കോഡുമുണ്ട്. എതിര്‍ ടീമില്‍ കൂടുതല്‍ ഇടങ്കയ്യന്മാരുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സേവനം ഗുണം ചെയ്യും. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച കാണിക്കാത്ത അശ്വിന്‍ മികച്ച ഫീല്‍ഡര്‍കൂടിയാണ്. ഐപിഎല്ലില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കളിക്കുന്ന അശ്വിന്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണം.'' ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. 

ഇന്ത്യക്കായി 46 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 52 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 111 ഏകദിനങ്ങല്‍ കളിച്ചപ്പോള്‍ 150 വിക്കറ്റുകളും നേടി. നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകുമെന്ന് അടുത്തകാലത്ത് അശ്വിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.