പോരാത്തതിന് വെസ്റ്റ് ഇന്‍ഡീസിനെ ഏകദിന പരമ്പരയിലും ടീം തോല്‍പ്പിച്ചു. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രോഹിത്തിന് വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (Virat Kohli) ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയ്ക്ക് മറ്റൊന്നാണ് പറയാനുള്ളത്.

ദില്ലി: രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം എല്ലാ പരമ്പരയും തൂത്തുവാരിയിരുന്നു. ടി20 പരമ്പരകളില്‍ ന്യൂസിലന്‍ഡ് (New Zealand), വെസ്റ്റ് ഇന്‍ഡീസ് (West Indies), ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ സമ്പൂര്‍ണ ജയം നേടിയിത്. പോരാത്തതിന് വെസ്റ്റ് ഇന്‍ഡീസിനെ ഏകദിന പരമ്പരയിലും ടീം തോല്‍പ്പിച്ചു. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രോഹിത്തിന് വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (Virat Kohli) ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയ്ക്ക് മറ്റൊന്നാണ് പറയാനുള്ളത്. 

രോഹിത് വിജയങ്ങളില്‍ മതിമറന്ന് പോവരുതെന്നും പരീക്ഷണ കാലഘട്ടം വരാനിരിക്കുന്നതേയുള്ളുവെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാജ്കുമാറിന്റെ വാക്കുകള്‍... ''തുടക്കത്തില്‍ താരതമ്യേന ദുര്‍ലരായ എതിരാളികളെയാണ് രോഹിത്തിന് ലഭിച്ചത്. എന്നാല്‍ മത്സരങ്ങള്‍ തോറ്റു തുടങ്ങുമ്പോല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരും. മുന്നോട്ടു പോവുന്തോറും രോഹിത്തിനു കാര്യങ്ങള്‍ കടുപ്പമാവും. ഒരുപാട് വെല്ലുവിളികള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇതുവരെ അദ്ദേഹം ശാന്തനായി ടീമിനെ മുന്നോട്ട് നയിച്ചു. ഇതേ രീതിയില്‍ അദ്ദേഹത്തിന് ലോകകപ്പ് ഉയര്‍ത്താനാവട്ടെയെന്ന് ഞാനും ആഗ്രഹിക്കുന്നു.'' അദ്ദേഹം വിശദീകരിച്ചു. 

ടീം പരാജയപ്പെടുമ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും രോഹിത്തും വരുത്തുന്ന പിഴവുകള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി... ''ടീം തോല്‍ക്കുന്ന സമയത്ത് വിമര്‍ശങ്ങള്‍ പല ക്യാപ്റ്റന്മാരേയും തളര്‍ത്തിയിട്ടുണ്ട്. ക്യാപ്റ്റനും കോച്ചുമെല്ലാം വരുത്തുന്ന പിഴവുകള്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. പല പല നിര്‍ദേശങ്ങള്‍ വരും. അങ്ങനെയൊന്നും ഉണ്ടാവാതിരിക്കട്ടെയെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ രോഹിത്തിന് ഡ്രസിംഗ് റൂമില്‍ നല്ലൊരു അന്തരീക്ഷം ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സൗരവ് ഗാംഗുലിയുടെ സമയത്താണ് ഇത്തരമൊരു അന്തരീക്ഷം ഡ്രസിങ് റൂമിലുണ്ടായിരുന്നത്. പുതിയ താരം വരുമ്പോള്‍ ഡ്രസിംഗ് റൂം അന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.'' അദ്ദേഹം നിരീക്ഷിച്ചു.

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ധോണി ഇന്ത്യന്‍ ടീമിലെ എല്ലാവരെയും വളരെ പിന്തുണയ്ക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിരുന്നു. കോലിയും തന്റെ താരങ്ങളെ നന്നായി തന്നെ പിന്തുണച്ചിരുന്നു. എതിര്‍ ടീം പോലും കോലിയുടെ താരങ്ങളോട് ഒന്നും പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല.'' അദ്ദേഹം വിശദമാക്കി.

വെള്ളിയാഴ്ച്ച കരിയറിലെ 100-ാം ടെസ്റ്റ് കളിക്കാനൊരുങ്ങുകയാണ് കോലി. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിലാണ് ടെസ്റ്റ്. രോഹിത്താണ് ടീമിന്റെ നായകന്‍. രോഹിത് നായകനായി അരങ്ങേറുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രോഹിത്തിനെ സംബന്ധിച്ചിടത്തോളം വരുന്ന ടി20 ലോകകപ്പാണ് പ്രധാന വെല്ലുവിളി. ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ്. അതിന് മുന്നെ ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യ കളിക്കുന്നുണ്ട്.