കറാച്ചി: അടുത്തിടെയുണ്ടായ വിവാദ വാര്‍ത്തകളില്‍ മിക്കതിലും മുന്‍ പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ പേരുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാദ പ്രസ്താവന കൂടി നടത്തിയിരിക്കുകയാണ് റസാഖ്. ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടാണ് പുതിയ വിവാദം. ബിസിസിഐയുടെ പിന്തുണകൊണ്ട് മാത്രമാണ് കോലി മികച്ച താരമായതെന്നാണ് റസാഖിന്റെ വാദം.

എന്നാല്‍ അദ്ദേഹം കോലിയുടെ കഴിവിനെ അംഗീകരിക്കുന്നുമുണ്ട്. റസാഖ് പറയുന്നതിങ്ങനെ... ''കോലി മികച്ച താരമാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ബിസിസിഐ താരത്തിന് നല്‍കികൊണ്ടിരിക്കുന്ന പിന്തുണകൊണ്ട് മാത്രമാണ് കോലി മികച്ച താരമായത്. ഏതൊരു താരത്തിനും ഇത്തരമൊരു പിന്തുണ ആവശ്യമാണ്. കോലിയേക്കാള്‍ കഴിവുള്ള താരങ്ങള്‍ പാകിസ്ഥാനിലുണ്ട്. എന്നാല്‍ അവര്‍ക്ക് എവിടെയുമെത്താനാകുന്നില്ല. പിന്തുണ ലഭിക്കാത്തതിന്റെ പ്രശ്‌നമാണിത്. കോലിക്ക് ലഭിക്കുന്നത് പോലൊരു പിന്തുണ അവര്‍ക്ക് ലഭിക്കുകയാണെങ്കില്‍ ഈ താരങ്ങള്‍ ഉയരങ്ങള്‍ കീഴടക്കും.'' താരം പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയെ ഇനി സഹായിക്കാവില്ലെന്നും റസാഖ് പറഞ്ഞു. ഹാര്‍ദിക്കിന് മികച്ച താരമാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എ്ന്നാല്‍ ഇനി അതിനാവില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ ഇനിയയതിന് കഴിയില്ലെന്നും റസാഖ് വ്യക്തമാക്കി.