അവനാണ് ശരി, ആ ഇന്ത്യന്‍ താരത്തെ കണ്ട് പഠിക്കൂ! ഷഹീന്‍ അഫ്രീദിക്കെതിരെ പൊട്ടിത്തെറിച്ച് പാകിസ്ഥാന്‍ ഇതിഹാസം
ആദ്യ മത്സരത്തില്‍ നെതല്‍ലന്‍ഡ്‌സിനെതിരെ ഏഴ് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് ഓവറില്‍ 66 റണ്‍സാണ് വഴങ്ങിയത്. നേടിയതാവട്ടെ ഒരു വിക്കറ്റ് മാത്രവും.

മുംബൈ: ഏകദിന ലോകകപ്പില്‍ ഷഹീന്‍ അഫ്രീദി പാകിസ്ഥാന്റെ നിര്‍ണായക താരമാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ ഷഹീന് സാധിക്കുന്നില്ല. സഹ പേസര്‍ നസീം ഷായുടെ അഭാവവും അഫ്രീദിയെ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. മൂന്ന് മത്സരങ്ങളില്‍ നാല് വിക്കറ്റ് മാത്രമാണ് അഫ്രീദി വീഴ്ത്തിയത്. ഇന്ത്യക്കെതിരെയായിരുന്നു മികച്ച പ്രകടനം. ആറ് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്താന്‍ അഫ്രീദിക്കായിരുന്നു. ആദ്യ മത്സരത്തില്‍ നെതല്‍ലന്‍ഡ്‌സിനെതിരെ ഏഴ് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് ഓവറില്‍ 66 റണ്‍സാണ് വഴങ്ങിയത്. നേടിയതാവട്ടെ ഒരു വിക്കറ്റ് മാത്രവും.
ഇപ്പോള്‍ അഫ്രീദിക്കെതിരെ കനത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വഖാര്‍ യൂനിസ്. അഫ്രീദി ശൈലി മാറ്റണമെന്നാണ് വഖാര്‍ പറയുന്നത്. വഖാറിന്റെ വിശദീകരണം... ''താളം തെറ്റിയ ബൗളിംഗാണ് നിലവില്‍ അഫ്രീദിയുടേത്. ഒരേ തരത്തിലുള്ള പന്തുകളാണ് കൂടുതലും. ഷഹീന്‍ അഫ്രീദിയുടെ പന്തുകളെ എങ്ങനെ നേരിടണമെന്ന് എല്ലാ ബാറ്റ്‌സ്മാന്‍മാരും പഠിച്ചു. ഈ ശൈലി മാറണം. അതിന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര കണ്ട് പഠിക്കുകയാണ് വേണ്ടത്. എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ഏറ്റവുമധികം കുഴപ്പിക്കുന്ന ബൗളറാണ് ബുമ്ര. പാകിസ്ഥാനെതിരായ മത്സരം അതിന്റെ ഏറ്റവും വലിയ തെളിവാണ്.'' വഖാര്‍ പറഞ്ഞു.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ ഇന്ത്യ 42.5 ഓവറില്‍ 191ന് പുറത്താക്കാന്‍ ഇന്ത്യന്‍ ബൗള്‍മാര്‍ക്കായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ (86), ശ്രേയസ് അയ്യര്‍ (53) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.