രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നെറ്റി ചുളിച്ചവര്‍ ഏറെയുണ്ട്. കാരണം അത്രത്തോളം മോശം ഫോമിലൂടെയാണ് രഹാനെ കടന്നുപോകുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ രഹാനെയെ ഉള്‍പ്പെടത്തരുതെന്ന് വാദിച്ചവരും ഏറെയുണ്ട്.
ഹൈദരാബാദ്: വരുന്ന ദക്ഷിണാഫ്രിക്കന്‍ (SAvIND) ക്രിക്കറ്റ് പര്യടനം ഇന്ത്യന്‍ സീനിയര്‍ അജിന്‍ക്യ രഹാനെയെ (Ajinkya Rahane) സംബന്ധിച്ചിടത്തോളം നിര്‍ണാകമാണ്. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കുമിത്. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നെറ്റി ചുളിച്ചവര്‍ ഏറെയുണ്ട്. കാരണം അത്രത്തോളം മോശം ഫോമിലൂടെയാണ് രഹാനെ കടന്നുപോകുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ രഹാനെയെ ഉള്‍പ്പെടത്തരുതെന്ന് വാദിച്ചവരും ഏറെയുണ്ട്.
എന്നാല്‍ മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍ എം എസ് കെ പ്രസാദിന്റെ മനസില്‍ മറ്റൊരു ആശയമാണുള്ളത്. വിദേശ പരമ്പരകളില്‍ മാത്രം രഹാനെയെ കളിപ്പിച്ചാല്‍ മതിയെന്നാണ് പ്രസാദ് പറയുന്നത്. 'വിദേശത്ത് മികച്ച റെക്കോഡുള്ള താരമാണ് രഹാനെ. നാട്ടിലാവട്ടെ അദ്ദേഹത്തിന് മികച്ച രീതിയില്‍ കളിക്കാന്‍ കഴിയാറുമില്ല. ഈ സാഹചര്യത്തില്‍ വിദേശത്ത് രഹാനെയയും സ്വദേശത്ത് മറ്റൊരു താരത്തേയും കളിപ്പിക്കാവുന്നതാണ്. രഹാനെയുടെ കാര്യത്തില്‍ സെലക്റ്റര്‍മാര്‍ ആശയക്കുഴപ്പത്തിലാണ്.
പരിചയസമ്പത്തുണ്ടെന്ന് കരുതി ഇത്രയും നാള്‍ ഒരു താരത്തെ ടീമില്‍ നിലനിര്‍ത്തേണ്ടതുണ്ടോയെന്നാണ് അവരെ ചിന്തിപ്പിക്കുന്ന ചോദ്യം. സെലക്ഷന്റെ കാര്യത്തില്‍ ഒരു ശരിയായ സിസ്റ്റം വേണം. സീനിയര്‍ താരങ്ങള്‍ക്ക് എത്ര അവസരം നല്‍കണം. യുവതാരങ്ങളെ എപ്പോള്‍ കളിപ്പിക്കണം എന്നുള്ള കാര്യങ്ങളിലൊക്കെ വ്യക്തമായ ധാരണ വേണം.'' പ്രസാദ് പറഞ്ഞുനിര്‍ത്തി.
ഈ വര്‍ഷം 12 മല്‍സരങ്ങളില്‍ നിന്നും 19.57 ശരാശരിയില്‍ 411 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലെ പ്രകടനമെടുത്താല്‍ വെറും നാലു സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.
