Asianet News MalayalamAsianet News Malayalam

ഹാഷിം അംല യുഗം അവസാനിച്ചു; എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34104 റണ്‍സ് അംല നേടിയിട്ടുണ്ട്

Former South Africa batter Hashim Amla retires from all form of cricket
Author
First Published Jan 18, 2023, 7:33 PM IST

സറേ: ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ഹാഷിം അംല ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്‌ക്കായി വീണ്ടും കളിക്കില്ല എന്ന് താരം ഉറപ്പിച്ചതോടെയാണിത്. 2019 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അംല അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ആഭ്യന്തര ലീഗുകളില്‍ മാത്രമാണ് താരം കളിച്ചിരുന്നത്. 

രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34104 റണ്‍സ് അംല നേടിയിട്ടുണ്ട്. ഇതില്‍ 18672 റണ്‍സ് പ്രോട്ടീസ് കുപ്പായത്തിലാണ്. 2004-2019 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 124 മത്സരങ്ങളില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റ് റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക് കാലിസ്(13,206 റണ്‍സ്) മാത്രമേ അംലയ്ക്ക് മുന്നിലുള്ളൂ. ടെസ്റ്റില്‍ അംല 28 സെഞ്ചുറികള്‍ നേടിയപ്പോള്‍ 2012ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ പുറത്താകാതെ നേടിയ 311* ആണ് ഉയര്‍ന്ന സ്കോര്‍. ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ആദ്യ ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ചുറി കൂടിയാണിത്. 

181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 27 സെഞ്ചുറികളോടെ 8113 റണ്‍സും 44 രാജ്യാന്തര ട്വന്‍റി 20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സും അംല നേടി. ഏറ്റവും വേഗത്തില്‍ 25 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് അംല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48.55 ശരാശരിയില്‍ 19521 റണ്‍സ് അംലയ്ക്കുണ്ട്. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ എം ഐ കേപ്‌ടൗണിന്‍റെ ബാറ്റിംഗ് പരിശീലകനായി പുതിയ കരിയറിന് അംല തുടക്കമിട്ടിരുന്നു. ഭാവിയില്‍ ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്‍റെ ബാറ്റിംഗ് കോച്ചായി അംല എത്താനിടയുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കൗണ്ടി ക്രിക്കറ്റില്‍ താരം സറേയ്‌ക്കായി കളിച്ചുവരികയായിരുന്നു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി കളിച്ചിട്ടുണ്ട്. സറേ ടീമിനും സ്റ്റാഫിനും താരങ്ങള്‍ക്കും അംല നന്ദിയറിയിച്ചു. 

ഈ അംപയര്‍മാര്‍ക്കെല്ലാം എന്തുപറ്റി? വീണ്ടും അംപയറിംഗ് മണ്ടത്തരം!

Follow Us:
Download App:
  • android
  • ios