ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം അതിഥേയരായ ഇന്ത്യക്കായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഹെര്‍ഷല്‍ ഗിബ്‌സ്. ഇത്തവണത്തെ ലോകകപ്പില്‍ ആര് ജേതാക്കളാവുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും ഗിബ്‌സ് പറഞ്ഞു.

ജൊഹന്നാസ്ബര്‍ഗ്: ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ പത്തൊന്‍പത് വരെ ഏകദിന ലോകകപ്പിന് വേദിയാവുകയാണ് ഇന്ത്യ. രോഹിത് ശര്‍മയ്ക്കും സംഘത്തിലും ലോകകപ്പില്‍ വലിയ സാധ്യത കാണുന്നവരുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം അതിഥേയരായ ഇന്ത്യക്കായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഹെര്‍ഷല്‍ ഗിബ്‌സ്. ഇത്തവണത്തെ ലോകകപ്പില്‍ ആര് ജേതാക്കളാവുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും ഗിബ്‌സ് പറഞ്ഞു.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം കൂടുമെന്നാണ് ഗിബ്‌സ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എല്ലാക്കാലത്തും സമ്മര്‍ദത്തോടെ കളിക്കുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍. സമ്മര്‍ദത്തെ സന്തോഷത്തോടെ നേരിടാനും അവര്‍ക്ക് കഴിയും. പക്ഷേ, ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും സുപരിചതമായി. മിക്ക ടീമുകളിലേയും താരങ്ങള്‍ ഇന്ത്യയില്‍ കളിച്ച് ശീലമുളളവരാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പില്‍ ആര് കിരീടം നേടുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. മികച്ച താരങ്ങള്‍ ഉണ്ടായിട്ടും ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ദൗര്‍ഭാഗ്യം നേരിട്ട ടീമാണ് ദക്ഷിണാഫ്രിക്ക. എന്ന് ഫൈനലില്‍ എത്തുന്നുവോ അന്ന് ദക്ഷിണാഫ്രിക്കയായിരിക്കും ചാംപ്യന്‍മാരെന്നും ഗിബ്‌സ് പറഞ്ഞു.

2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പിലാണ് ഇന്ത്യ അവസാനമായി കിരീടം നേടിയത്. അടുത്തിടെ ഹര്‍ഭജന്‍ സിംഗും ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയിനെ കുറിച്ച് സംസാരിച്ചിരുന്നു. ഏകദിന ലോകകപ്പ് ജയിക്കാന്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികവ് മാത്രം മതിയാകില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. രോഹിത്തും കോലിയും ഹാര്‍ദ്ദിക്കുമെല്ലാം വലിയ താരങ്ങളാണ്. പക്ഷെ ടീമിലെ ബാക്കി എട്ടോ ഓമ്പതോ താരങ്ങളും മികവ് കാട്ടിയാല്‍ മാത്രമെ ഇന്ത്യക്ക് ലോകകപ്പ് നേടാനാകൂവെന്നും ഹര്‍ഭജന്‍ ന്യൂസ് 24 സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കണമെങ്കില്‍ ടീം ഒത്തിണക്കത്തോടെ കളിക്കണമെന്നും ഹര്‍ഭജന്‍ അവര്‍ത്തിച്ചു പറഞ്ഞു. 2015ലും 2019ലും ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ പുറത്തായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതിരുന്ന ഇന്ത്യ 2022ലെ ടി20 ലോകകപ്പിലും സെമിയില്‍ പരാജയപ്പെട്ടു.

വിമര്‍ശകര്‍ ദാ കാണ്, രണ്ട് പന്തില്‍ 2 വിക്കറ്റ്; ഫൈനലില്‍ പാക് എയ്‌ക്കെതിരെ ഗെയിം ചേഞ്ചറായി റിയാന്‍ പരാഗ്