മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. വാനിന്ദു ഹസരങ്കയുടെ (Wanindu Hasaranga) പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ബൗള്‍ഡായാണ് സഞ്ജു മടങ്ങുന്നത്. തൊട്ടുമുമ്പത്തെ പന്തിലും താരം റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. പുറത്തായ രീതി കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി.

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (RCB) നന്നായി തുടങ്ങിയ ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) കീഴടങ്ങിയത്. പുറത്താവുമ്പോള്‍ 21 പന്തില്‍ 27 റണ്‍സ് മലയാളി വിക്കറ്റ് കീപ്പര്‍ നേടിയിരുന്നു. മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. വാനിന്ദു ഹസരങ്കയുടെ (Wanindu Hasaranga) പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ബൗള്‍ഡായാണ് സഞ്ജു മടങ്ങുന്നത്. തൊട്ടുമുമ്പത്തെ പന്തിലും താരം റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. പുറത്തായ രീതി കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോള്‍ വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പും സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സഞ്ജു തന്റെ കഴിവ് പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്നാണ് ബിഷപ് പറയുന്നത്. മുന്‍ വിന്‍ഡീസ് പേസറുടെ വാക്കുകള്‍... ''സഞ്ജു മികച്ച ഫോമിലാണ്. എന്നാല്‍ ആ ഫോം പാഴാക്കുകയാണ് അവന്‍ ചെയ്യുന്നത്. മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമാവാനുള്ള കരുത്തുണ്ട്. മികച്ച പ്രകടനത്തോടെ ദേശീയ സെലക്റ്റര്‍മാരെ സമ്മര്‍ദ്ദം ചെലുത്താന്‍ രാജസ്ഥാന്‍ ക്യാപ്റ്റന് സാധിക്കും. എന്നാല്‍ ഇംപാക്റ്റ് ഉണ്ടാക്കുന്ന ഇന്നിംഗ്‌സൊന്നും സഞ്ജുവിന്റെ ബാറ്റില്‍ നിന്നുണ്ടാവുന്നില്ല.'' ബിഷപ് പറഞ്ഞു.

''സഞ്ജു ഫോം ഔട്ടാണെന്ന് എനിക്ക് തോന്നുന്നില്ല. വാനിന്ദു ഹസരങ്കയ്‌ക്കെതിരെ കൡച്ച അശ്രദ്ധമായ ഷോട്ടാണ് സഞ്ജുവിന്റെ വിക്കറ്റ് കളഞ്ഞത്. സഞ്ജു ഹസരങ്കയുടെ പന്തുകളെ കുറിച്ച് മനസിലാക്കണമായിരുന്നു. ഞാനൊരു സഞ്ജു ആരാധകനാണ്. എന്നാല്‍ അവന്‍ മോശം ഷോട്ടുകള്‍ തിരഞ്ഞെടുത്ത് വിക്കറ്റ് വലിച്ചെറിയുകയാണ്.'' ബിഷപ് പറഞ്ഞുനിര്‍ത്തി.

സഞ്ജുവിന്റേത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നെങ്കിലും ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബി 115ന് പുറത്താവുകയായിരുന്നു. 29 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് നേടി ആര്‍ അശ്വിന്‍ എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്.