മുംബൈ: ബംഗ്ലാദേശിൽ നടക്കുന്ന ട്വന്റി 20 സൗഹൃദ മത്സരത്തിനുള്ള ഏഷ്യൻ ടീമിൽ വിരാട് കോലി, മുഹമ്മദ് ഷമി, ശിഖർ ധവാൻ, കുൽദീപ് യാദവ് എന്നിവർ കളിക്കും. ലോക ഇലവന് എതിരായ മത്സരത്തിൽ ഏഷ്യൻ ടീമിലേക്ക് നാല് ഇന്ത്യൻ താരങ്ങളെ ലഭ്യമാക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. 

ബംഗ്ലാദേശിന്റെ രാഷ്‌ട്ര ശിൽപിയായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജൻമദിനത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മിര്‍പൂരില്‍ മാർച്ച് 18നും 21നുമായിരിക്കും മത്സരങ്ങൾ. ഏഷ്യൻ ടീമിൽ പാകിസ്ഥാൻ താരങ്ങൾ ഉണ്ടാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക ഇലവനിലും ഏഷ്യന്‍ ഇലവനിലും മികച്ച താരങ്ങളെ അണിനിരത്തുമെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് നസ്‌മുല്‍ ഹസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

1920 മാര്‍ച്ച് 17ന് ജനിച്ച ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്‍റെ ജന്‍മദിനം എല്ലാ വര്‍ഷവും ദേശീയ അവധിയായി ബംഗ്ലാദേശ് ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടാതെ മറ്റ് നിരവധി ആഘോഷങ്ങളും ഷെയ്‌ഖ് മുജീബുര്‍ റഹ്‌മാന്‍റെ നൂറാം ജന്‍മദിനാഘോഷത്തോട് അനുബന്ധിച്ച് ബംഗ്ലാദേശില്‍ നടക്കും. 

Read more: ഏഷ്യന്‍ ഇലവന്‍- ലോക ഇലവന്‍ ടി20 പോരുകളുടെ തിയതിയായി