അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി നാല് ടീമുകള്‍ തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്

ആന്‍റിഗ്വ: ട്വന്‍റി 20 ലോകകപ്പ് 2024ല്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുന്നു. രണ്ട് ഗ്രൂപ്പുകളിലായി ആകെ എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന സൂപ്പര്‍ 8 ഘട്ടത്തിലേക്ക് ഇതിനകം ആറ് ടീമുകളാണ് സ്ഥാനമുറപ്പിച്ചത്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി നാല് ടീമുകള്‍ തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. 

ടി20 ലോകകപ്പില്‍ ടീമുകളുടെ പോരാട്ടം എട്ടായി ചുരുങ്ങുകയാണ്. സൂപ്പര്‍ 8 ഘട്ടത്തിലേക്ക് ഇതിനകം ഇന്ത്യ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), അഫ്‌ഗാനിസ്ഥാന്‍ (ഗ്രൂപ്പ് സി), വെസ്റ്റ് ഇന്‍ഡീസ് (ഗ്രൂപ്പ് സി), ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് ഡി), യുഎസ്‌എ (ഗ്രൂപ്പ് എ) എന്നിവ ഇടംപിടിച്ചുകഴിഞ്ഞു. ഇനി രണ്ട് ടീമുകള്‍ക്ക് കൂടി സൂപ്പര്‍ എട്ടിലേക്ക് എത്താം. ഗ്രൂപ്പ് ബിയില്‍ സ്കോട്‌ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളിലൊന്നും ഡിയില്‍ ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് ടീമുകളിലൊന്നും സൂപ്പര്‍ 8ലെത്തും. സൂപ്പര്‍ 8 റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുക. ഓസ്ട്രേലിയ, ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍ ടീമുകളാണ് ഗ്രൂപ്പ് ഒന്നില്‍ ഇതുവരെ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യുഎസ്‌എ ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും ഉള്‍പ്പെടുന്നു. 

ഗ്രൂപ്പ് ഘട്ടത്തില്‍ എ ഗ്രൂപ്പില്‍ നിന്ന് പാകിസ്ഥാനും കാനഡയും അയര്‍ലന്‍ഡും ബി ഗ്രൂപ്പില്‍ നമീബിയയും ഒമാനും സി ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡും ഉഗാണ്ടയും പാപുവ ന്യൂ ഗിനിയയും ഡി ഗ്രൂപ്പില്‍ നിന്ന് നേപ്പാളും ശ്രീലങ്കയുമാണ് ഇതുവരെ പുറത്തായത്. ആന്‍റിഗ്വയില്‍ ജൂണ്‍ 19നാണ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ആരംഭിക്കുക. ഇന്ന് നടക്കുന്ന നമീബിയക്കെതിരായ മത്സരം സൂപ്പര്‍ എട്ടിലെത്താന്‍ ഇംഗ്ലണ്ടിന് നിര്‍ണായകമാണ്. ഓസ്ട്രേലിയയെ തോല്‍പിച്ചാല്‍ സ്കോട്‌ലന്‍ഡിനും നേപ്പാളിനെ തോല്‍പിച്ചാല്‍ ബംഗ്ലാദേശിനും സൂപ്പര്‍ എട്ടിലെത്താം. അതേസമയം ബംഗ്ലാദേശ് തോല്‍ക്കുകയും ശ്രീലങ്കയെ നെതര്‍ലന്‍ഡ് തോല്‍പിക്കുകയും ചെയ്‌താല്‍ നെറ്റ് റണ്‍റൈറ്റ് വിധിയെഴുതും. 

Read more: ഒരു റണ്ണിന് വിജയിക്കുന്നത് ശീലമാക്കിയ ദക്ഷിണാഫ്രിക്ക; അമ്പരപ്പിക്കുന്ന കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം