റിഷഭിന് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ പകരക്കാരനാവാന്‍ കഴിയുന്ന നാല് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം. 

മുംബൈ: കാര്‍ അപകടത്തില്‍ കാല്‍മുട്ടിന് സാരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള റിഷഭ് ഫിറ്റ്‌നസ് വീണ്ടെടുത്ത് വരികയാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ദീര്‍ഘകാല പദ്ധതികളിലുള്ള താരമായതിനാല്‍ റിഷഭിനെ പെട്ടെന്ന് ടീമിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ബിസിസിഐ ശ്രമിക്കില്ല. റിഷഭിന് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ പകരക്കാരനാവാന്‍ കഴിയുന്ന നാല് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ആരൊക്കെയെന്ന് നോക്കാം. 

1. കെ എല്‍ രാഹുല്‍

സീനിയര്‍ ബാറ്റര്‍ കെ എല്‍ രാഹുലാണ് റിഷഭ് പന്തിന് പകരക്കാരനാവാന്‍ കഴിയുന്ന ഒരു താരം. ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ മികച്ച റെക്കോര്‍ഡ് രാഹുലിനുണ്ട്. അഞ്ചാമത് ഇറങ്ങി 18 ഇന്നിംഗ്‌സുകളില്‍ 99.33 സ്ട്രൈക്ക് റേറ്റിലും 50 ശരാശരിയിലുമാണ് രാഹുല്‍ ബാറ്റ് ചെയ്‌തത്. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നതും രാഹുലിന് അനുകൂലമായ ഘടകമാണ്. അവസാന 10 ഓവറുകളില്‍ 162.17 പ്രഹരശേഷിയില്‍ 288 റണ്‍സ് രാഹുലിന് സമ്പാദ്യമായുണ്ട്. പരിക്കില്‍ നിന്ന് മടങ്ങിവരുന്നതായതിനാല്‍ രാഹുലിനെ വിക്കറ്റ് കീപ്പിംഗ് ഉടനടി ഏല്‍പിക്കുമോ എന്ന് കണ്ടറിയണം. 

2. സഞ്ജു സാംസണ്‍ 

വെറും 11 ഏകദിനങ്ങളുടെ മാത്രം പരിചയസമ്പത്തേയുള്ളൂവെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് സഞ്ജു സാംസണ്‍. പൂര്‍ണ ഫിറ്റ്‌നസിലാണ് താരം എന്നത് സെലക്‌ടര്‍മാരുടെ പരിഗണനയ്‌ക്ക് വരും. ഏകദിനത്തില്‍ 66 ബാറ്റിംഗ് ശരാശരിയുള്ള സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ പരിഗണിക്കാവുന്നതാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പ്രകടനം ആകും ലോകകപ്പ് വിളിയിലേക്ക് സഞ്ജുവിന് നിര്‍ണായകമാവുക. 

3. ഇഷാന്‍ കിഷന്‍

ഇന്ത്യന്‍ ബാറ്റിംഗില്‍ നിലവില്‍ ടോപ് ഓര്‍ഡറിലെ ഏക ഇടംകൈയന്‍ ഓപ്ഷനാണ് ഇഷാന്‍ കിഷന്‍, 24കാരനായ താരം വെടിക്കെട്ട് ബാറ്റിംഗിന് പ്രാപ്‌തനാണെങ്കിലും വിക്കറ്റ് കീപ്പിംഗ് തുടക്കകാലത്ത് മികച്ചതായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ഏകദിന ഇരട്ട സെഞ്ചുറി നേടിയ കിഷന്‍ ദീര്‍ഘകാലം ഇന്ത്യന്‍ കുപ്പായം അണിയാന്‍ സാധ്യതയുള്ള താരം കൂടിയാണ്. 

4. ജിതേഷ് ശര്‍മ്മ

ഐപിഎല്‍ 2023 സീസണില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി പേരെടുത്ത താരമാണ് പഞ്ചാബ് കിംഗ്‌സിന്‍റെ ഇഷാന്‍ കിഷന്‍. വിന്‍ഡീസ് പര്യടനത്തിലേക്ക് പരിഗണിച്ചില്ലെങ്കിലും ഏഷ്യാ കപ്പ് ടീമില്‍ ഇടംപിടിക്കാനായാല്‍ ജിതേഷ് ശര്‍മ്മയ്‌ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കാവുന്നതാണ്. നിലവില്‍ ടെസ്റ്റ് വിക്കറ്റ് കീപ്പറായ കെ എസ് ഭരത് മറ്റൊരു ഓപ്‌ഷനാണ് എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ബാറ്റിംഗ് മികവ് രാജ്യാന്തര ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ കഴിയാത്തതാണ് താരത്തിന് പ്രതികൂലമാകുന്ന ഘടകം. ഇന്ത്യന്‍ ടീമിനൊപ്പം റിസര്‍വ് താരമായി ഏറെ സഞ്ചരിച്ചുണ്ടെങ്കിലും ഭരതിന് ഇതുവരെ ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല. 

Read more: 'വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഓപ്പണറായി സഞ്ജു സാംസണ്‍'; പറയുന്നത് മുന്‍ സെലക്‌ടര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം