പ്രമുഖ താരങ്ങളുടെ വിമർശനങ്ങൾക്കിടയിലും ഫ്രാഞ്ചൈസികളുടെ ആവശ്യപ്രകാരം ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം തുടരാൻ ബിസിസിഐ തീരുമാനിച്ചു. കൂടാതെ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിൽ താരക്കൈമാറ്റത്തിനും സാധ്യതയുണ്ട്.
മുംബൈ: അടുത്ത സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇംപാക്ട് പ്ലെയര്‍ നിയമം തുടരുമെന്ന് സൂചന. നിയമത്തിനെതിരെ ശക്തമായ വിമര്‍ശനമുണ്ടെങ്കിലും ടീമുകളുടെ ആവശ്യപ്രകാരം വരുന്ന സീസണിലും ഇംപാക്ട് പ്ലെയറെ കളിപ്പിക്കാമെന്ന തീരുമാനത്തിലാണ് ബിസിസിഐ. ഐപിഎല്ലില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ നിയമമാണ് ഇംപാക്ട് പ്ലെയര്‍. 2023ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് ഓരോ ടീമിനും മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ താരത്തിന് പകരം മറ്റൊരാളെ കളിപ്പിക്കാം.
കളിയുടെ ഗതിക്ക് അനുസരിച്ച് ടീമുകള്‍ക്ക് ബാറ്ററേയോ ബൗളറേയോ അധികമായി ഇലവനില്‍ ഉള്‍പ്പെടുത്താം എന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമത്തിന്റെ പ്രത്യേകത. മുന്‍ സീസണുകളില്‍ രോഹിത് ശര്‍മയും എം എസ് ധോണിയും അടക്കമുള്ളവര്‍ ഈ നിയമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി. ഇംപാക്ട് പ്ലെയര്‍ ക്രീസിലെത്താന്‍ തുടങ്ങിയതോടെ ഐപിഎല്ലില്‍ സ്കോര്‍ 200 കടക്കുന്നത് പതിവുമായി. ഇംപാക്ട് പ്ലെയര്‍ വരുന്നതിന് മുന്‍പ് ഐപിഎല്ലില്‍ ആകെ 133 തവണയാണ് ടീം സ്കോര്‍ 200 കടന്നത്. 2023ന് ശേഷം 195 തവണ ടീം സ്കോര്‍ 200 പിന്നിട്ടു.
എന്നാല്‍ ഈ നിയമം ഓള്‍റൗണ്ടര്‍മാരുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം. രോഹിത് ശര്‍മയും വിരാട് കോലിയും ഹാര്‍ദിക് പണ്ഡ്യയും ശുഭ്മന്‍ ഗില്ലും ഉള്‍പ്പടെയുള്ളവര്‍ ഇംപാക്ട് പ്ലെയര്‍ നിയമത്തെ അനുകൂലിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ ബിസിസിഐ ടീം ഫ്രാഞ്ചൈസികളുടെ അഭിപ്രായം ഔദ്യോഗികമായി ആവശ്യപ്പെട്ടു. അടുത്ത സീസണിലേക്കുള്ള മിനി താരലേലത്തിനായി ഇതിനോടകം പദ്ധതികള്‍ തയ്യാറാക്കിയ സാഹചര്യത്തില്‍ നിയമത്തില്‍ മാറ്റം വരുത്തരുതെന്നാണ് നാല് ടീമുകള്‍ മറുപടി നല്‍കിയത്. ഇതോടെയാണ് ഇംപാക്ട് പ്ലെയര്‍ നിയമം വരുന്ന സീസണിലും നടപ്പാക്കാമെന്ന് ബിസിസിഐ തീരുമാനിച്ചത്.
താരകൈമാറ്റത്തിനൊരുങ്ങി രാജസ്ഥാനും ലക്നൗവും
പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി താരക്കൈമാറ്റത്തിനൊരുങ്ങി ലഖ്നൗ സൂപ്പര്‍ ജയന്റ്സും രാജസ്ഥാന് റോയല്‍സും. കഴിഞ്ഞ സീസണില്‍ ലഖ്നൗവിനായി മികച്ച പ്രകടനം നടത്തിയ ഫാസ്റ്റ് ബൗളറെ സ്വന്തമാക്കാനാണ് രാജസ്ഥാന്റെ ശ്രമം. ലഖ്നൗവിന്റെ ഒരു സ്പിന്നറും കൈമാറ്റത്തിന്റെ ഭാഗമാവുമെന്നാണ് സൂചന. ബൗളര്‍മാരെ നല്കി രാജസ്ഥാന്റെ മികച്ചൊരു ബാറ്ററേയും ഓള്‍റൗണ്ടറേയും സ്വന്തമാക്കുകയാണ് ലഖ്നൗവിന്റെ ലക്ഷ്യം. ഈമാസം പതിനേഴിന് മുന്‍പ് ടീമുകള്‍ താരക്കൈമാറ്റം പൂര്‍ത്തിയാക്കണം.













