2013 നവംബര്‍ ആറിനായിരുന്നു ഷമി ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. 64 മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റുകള്‍ നേടി
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 13 വർഷം നീണ്ട കരിയറിനാണ് അവസാനമാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഷമി തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2013 നവംബര്‍ ആറിനായിരുന്നു ഷമി ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. 64 മത്സരങ്ങളില്‍ നിന്ന് 229 വിക്കറ്റുകള്‍ നേടി. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലായിരുന്നു അവസാനമായി ഷമി ഇന്ത്യയുടെ വെള്ള ജഴ്‌സി അണിഞ്ഞത്.
''ടെസ്റ്റ് ക്രിക്കറ്റ് കേവലമൊരു ഫോര്‍മാറ്റായി മാത്രമല്ല ഞാൻ കണ്ടത്, എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരുപാട് വേദനയോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാം എന്ന തീരുമാനം എടുത്തത്,'' ഷമി വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.
സഹതാരങ്ങളോടും പരിശീലകരോടും കുടുംബത്തിനോടും കരിയറിലുടനീളം കൂടെ നിന്ന ആരാധകരോടും ഷമി തന്റെ സ്നേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തന്റെ കഴിവില്‍ വിശ്വസിച്ച് അവസരങ്ങള്‍ നല്‍കിയതിന് ബിസിസിഐയോടും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനോടും ഷമി പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 118 റണ്‍സ് വഴങ്ങി ഒൻപത് വിക്കറ്റെടുത്താണ് ഷമി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഇന്ത്യയുടെ പേസ് അറ്റാക്കിലെ സുപ്രധാന സാന്നിധ്യമായി താരം മാറുകയായിരുന്നു. ഓസ്ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര ജയിക്കുമ്പോള്‍ 16 വിക്കറ്റുകളുമായി വലം കയ്യൻ പേസര്‍ തിളങ്ങി. 2021ലെ ഇന്ത്യയുടെ ലോര്‍ഡ്‌സ് വിജയത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷമി തന്റെ മൂല്യം തെളിയിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഷമി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തുടരും. ഏകദിന ടീമിലേക്ക് മടങ്ങിയെത്തുകയാണ് ലക്ഷ്യമെന്ന് ഷമി പ്രഖ്യാപിച്ചിരുന്നു.














