ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ ദിമുത് കരുണാത്‌നെയാണ് (Dimut Karunaratne) മാന്‍ ഓഫ് ദ മാച്ച്.

ഗാലേ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം. ഗാലേയില്‍ (Galle Test) നടന്ന മത്സരത്തില്‍ 187 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: ശ്രീലങ്ക 386 & 194/4 ഡി. വിന്‍ഡീസ് 230 & 160. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ ദിമുത് കരുണാത്‌നെയാണ് (Dimut Karunaratne) മാന്‍ ഓഫ് ദ മാച്ച്.

348 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് അഞ്ചാംദിനം രണ്ടാം ഇന്നിംഗ്‌സില്‍ 160ന് പുറത്താവുകയായിരുന്നു. ക്രുമ ബോന്നര്‍ (68), ജോഷ്വാ ഡ സില്‍വ (54) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. 13 റണ്‍സെടുത്ത റഖീം കോണ്‍വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ലങ്കയ്ക്കായി രമേഷ് മെന്‍ഡിസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ലസിത് എംബുല്‍ഡെനിയക്ക് നാല് വിക്കറ്റുണ്ട്.

ഒന്നാം ഇന്നിംഗ്‌സില്‍ കരുണാരത്‌നയുടെ (147) സെഞ്ചുറിയുടെ കരുത്തില്‍ 386 റണ്‍സാണ് ശ്രീലങ്ക നേടിയത്. പതും നിസ്സങ്ക (56), ധനഞ്ജയ ഡി സില്‍വ (61), ദിനേശ് ചാണ്ഡിമല്‍ (45) എന്നിവരും തിളങ്ങി. റോസ്റ്റണ്‍ ചേസ് വിന്‍ഡീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 230ന് എല്ലാവരും പുറത്തായി. രണ്ടാ ഇന്നിംഗ്‌സിന് ഇറങ്ങിയ ലങ്ക നാലിന് 191 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലര്‍ ചെയ്തു. കരുണാരത്‌നെ 83 റണ്‍സെടുത്തു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ വിന്‍ഡീസ് 160ന പുറത്തായി.