മൂന്ന് മത്സരങ്ങളിലുമായി 22.4 ഓവറാണ് സിറാജ് എറിഞ്ഞത്. സിറാജിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീറും ഇക്കാര്യ തുറന്നുപറയുകയാണ്. 

ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. അവസാന മത്സരത്തില്‍ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്ന് മത്സരങ്ങളിലുമായി 22.4 ഓവറാണ് സിറാജ് എറിഞ്ഞത്. സിറാജിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീറും ഇക്കാര്യ തുറന്നുപറയുകയാണ്. 

ഗംഭീര്‍ പറയുന്നത് പരമ്പരയിലെ താരമാവാന്‍ കോലിയോളം അര്‍ഹത സിറാജിനുണ്ടെന്നാണ് പറയുന്നത്. ഗംഭീറിന്റെ വാക്കുകള്‍... ''പരമ്പരയില്‍ കോലിയോളം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സിറാജ്. പ്ലയര്‍ ഓഫ് സീരീസിനെ തിരഞ്ഞെടുക്കുമ്പോള്‍ സിറാജിനേയും പരിഗണിക്കാമായിരുന്നു. ഇരുവര്‍ക്കും കൊടുത്താല്‍ പോലും അതില്‍ തെറ്റില്ല. കാരണം, കോലിയോളം പോന്ന പ്രകടനം സിറാജിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതും ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന വിക്കറ്റിലായിരുന്നു സിറാജിന്റെ പ്രകടനം. 

എനിക്കറിയാം ബാറ്റര്‍മാര്‍ വലിയ സെഞ്ചുറികള്‍ നേടുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറുണ്ടെന്ന്. എന്നാല്‍ പരമ്പരയില്‍ ഒന്നാകെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സിറാജ്. അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടാന്‍ സാധിക്കാതെ സിറാജ് നിരാശപ്പെടേണ്ടതില്ല. വരും മത്സരങ്ങളിലും അത് സ്വന്തമാക്കാനുള്ള അവസരം സിറാജിനുണ്ടാവും. എല്ലാ മത്സരങ്ങളിലും അദ്ദേഹത്തിന് അടിത്തയിടാന്‍ കഴിയും.'' ഗംഭീര്‍ പറഞ്ഞു.

ടെസ്റ്റ് സ്പെഷ്യലിസ്റ്റായിരുന്ന സിറാജ് അടുത്ത കാലത്താണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിതുടങ്ങിയത്. ശ്രീലങ്കയ്ക്കെതിരായ പ്രകടനത്തിന് പിന്നാലെ താരത്തെ ജാഫറും പ്രകീര്‍ത്തിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സിറാജ് ഒരുപാട് പുരോഗതി കൈവരിച്ചുവെന്നാണ് ജാഫര്‍ പറയുന്നത്... ''മുഹമ്മദ് സിറാജ് ടെസ്റ്റില്‍ എത്രത്തോളം മികച്ചവനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുവന്ന പന്തില്‍ അദ്ദേഹത്തിന്റെ പ്രകടനം നമ്മള്‍ കാണുന്നതാണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അദ്ദേഹം നടത്തിയ പുരോഗതി കയ്യടിക്കപ്പെടേണ്ടതാണ്. 

കഴിഞ്ഞ വര്‍ഷത്തിനിടെ അമ്പരപ്പിക്കുന്ന മാറ്റമാണ് അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നടത്തിയത്. സിറാജ് പന്തെറിയുമ്പോള്‍ ജസ്പ്രിത് ബുമ്രയുടെ അഭാവം അറിയുന്നത് പോലുമില്ല. ബുമ്ര ഇല്ലാതിരിക്കുമ്പോള്‍ സിറാജ് ഫലം കൊണ്ടുവരുന്നുണ്ടെന്ന് അറിയാനും കഴിയുന്നുണ്ട്. ബാറ്റര്‍ക്കെതിരെ കാണിക്കുന്ന ആക്രമണോത്സുകതയാണ് എടുത്തുപറയേണ്ടത്. പുതിയ പന്തില്‍ ബാറ്ററുടെ വിക്കറ്റെടുക്കുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിപ്പിക്കാന്‍ സിറാജിന് സാധിക്കുന്നു. അസാധ്യ കഴിവാണ് അവന്.'' വസിം ജാഫര്‍ പറഞ്ഞുനിര്‍ത്തി.

കോലിയും രോഹിത്തും ഇനി ടി20 കളിക്കുമോ? ബിസിസിഐ മിണ്ടുന്നില്ല; ഗവാസ്‌കര്‍ വിശദീകരിക്കുന്നതിങ്ങനെ