ബംഗ്ലാദേശ് ടീമിന്‍റെ നായകൻ ലിറ്റൺ ദാസ് ഒരു ഹിന്ദുവാണ് എന്ന വസ്തുത ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കണമെന്ന് അതുല്‍ വാസന്‍ പറഞ്ഞു.
ദില്ലി: ടി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ചുയര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് തര്‍ക്കം രമ്യമമായി പരിഹരിക്കാന്‍ ഹിന്ദുവായ ലിറ്റൺ ദാസിന്‍റെ ബംഗ്ലാദേശ് നായകസ്ഥാനം ഒരു അവസരമായി കാണണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ. 2026-ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്(ബിസിബി) ഉറച്ചു നില്‍ക്കുന്നതിനിടെയാണ് വാസന്‍റെ പ്രതികരണം.
ബംഗ്ലാദേശ് ടീമിന്‍റെ നായകൻ ലിറ്റൺ ദാസ് ഒരു ഹിന്ദുവാണ് എന്ന വസ്തുത ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കണമെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അതുല്‍ വാസന്‍ പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ അവസാന നിമിഷം മാറ്റുന്നത് ഐസിസിക്ക് വലിയ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വാസൻ പറഞ്ഞു.
അവസാന നിമിഷം മത്സരങ്ങള്‍ മാറ്റുക എന്നത് ഐസിസിക്ക് വലിയ തലവേദനയാണ്. ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ വളരെക്കാലമായി നടക്കുന്നതാണ്. ടൂർണമെന്‍റ് ഇത്ര അടുത്തെത്തി നിൽക്കെ മത്സരങ്ങൾ മാറ്റുക അസാധ്യമാണ്. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾക്ക് കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളുണ്ട്. നിങ്ങളുടെ ക്യാപ്റ്റൻ ഒരു ഹിന്ദുവാണ്. അതുകൊണ്ടുതന്നെ ഈ ടൂർണമെന്‍റിനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു മാർഗ്ഗമായി ബംഗ്ലാദേശ് കാണണമെന്നും വാസൻ പറഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട് ഐസിസിയുടെ നയങ്ങളുമായി യോജിക്കുന്നതല്ലെന്നും വാസൻ കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഒരു ടീമിന്‍റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഐസിസിക്ക് കഴിയില്ല. പെട്ടെന്നൊരു ദിവസം കത്തെഴുതി മത്സരങ്ങൾ മാറ്റണമെന്ന് പറയുന്നത് പ്രായോഗികമല്ല. ഒന്നുകിൽ തീരുമാനങ്ങളുമായി സഹകരിക്കുക, അല്ലെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുക എന്ന് ഐസിസി അവർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിക്കാണുമെന്നും വാസന്‍ പറഞ്ഞു.
ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യം ഐസിസി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2026 ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പ് നിശ്ചയിച്ച പ്രകാരം ഇന്ത്യയിലും ശ്രീലങ്കയിലുമായി തന്നെ നടക്കുമെന്ന് ഐസിസി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന തീരുമാനത്തിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നും ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ലോകകപ്പ് ബഹിഷ്കരിക്കുമെന്നും ബിസിബി പ്രസിഡന്‍റ് അമിനുൽ ഇസ്ലാം ബുൾബുൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
