ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം സഞ്ജു സാംസണെ ഒഴിവാക്കിയാണ് യുവതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം നൽകിയത്.

ചെന്നൈ: ഇംഗ്ലണ്ട് പര്യടനത്തിനിടെ സഞ്ജു സാംസണെ പുറത്തിരുത്തി വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് മുൻനിര മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും കടുത്ത സമ്മർദ്ദം മൂലമാണെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. ഇതൊരു ക്രിക്കറ്റ്പരമായ തീരുമാനമായിരുന്നില്ലെന്നും ഗംഭീറിന് മാധ്യമ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നതാണെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ബദരീനാഥ് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം സഞ്ജു സാംസണെ ഒഴിവാക്കിയാണ് യുവതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം നൽകിയത്. എന്നാൽ അടുത്ത മൂന്ന് മത്സരങ്ങൾക്കുശേഷം വൈഭവിനെ മാറ്റി സഞ്ജുവിനെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനം തനിക്ക് ഉറക്കമില്ലാത്ത രാവുകളാണ് സമ്മാനിച്ചതെന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു അതെന്നും ഗംഭീർ പിന്നീട് തുറന്നുപറഞ്ഞിരുന്നു.

ഗൗതം ഗംഭീറിന്‍റെ ഈ പ്രതികരണത്തെ ചൂണ്ടിക്കാണിച്ചാണ് ബദരീനാഥ് രംഗത്തെത്തിയത്. ഐപിഎൽ സീസണിന് ശേഷം വൈഭവ് സൂര്യവംശിക്ക് വലിയ മാധ്യമ ശ്രദ്ധയും പ്രചാരണവുമാണ് ലഭിച്ചതെന്നും, ആ പരിശീലകൻ ആരായാലും അത്തരം സാഹചര്യങ്ങളിൽ സമ്മർദ്ദം ഉടലെടുക്കുമെന്നും ബദരീനാഥ് വ്യക്തമാക്കി. അത്തരം സമ്മർദ്ദങ്ങളുടെ ഫലമായാണ് ചില തീരുമാനങ്ങൾ ഉണ്ടാകുന്നത്. അതിനാൽ ഇതൊരു ക്രിക്കറ്റ് അധിഷ്ഠിത തീരുമാനമാണെന്ന് കരുതുന്നില്ലെന്നും ക്രിക്കറ്റിന് അപ്പുറമുള്ള കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്നും ബദരീനാഥ് വിലയിരുത്തി.

പിന്നീട് സഞ്ജുവിന് വിശ്രമം അനുവദിച്ച സിംബാബ്‌‌വെക്കെതിരായ ടി20 പരമ്പരയിൽ വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, തൊട്ടടുത്ത അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ വൈഭവിനെ റിസർവ് ബെഞ്ചിലിരുത്തി സഞ്ജുവും അഭിഷേക് ശർമ്മയും ചേർന്ന് ഇന്ത്യൻ ബാറ്റിംഗ് ഓപ്പൺ ചെയ്തു. തുടർന്ന് നടന്ന 2026 ഏഷ്യൻ ഗെയിംസിൽ ഒരു ബാറ്റർ കുറവോടെ ഇന്ത്യ കളത്തിലിറങ്ങിയപ്പോൾ സഞ്ജുവും വൈഭവും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുകയും സഞ്ജു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുകയും ചെയ്തു. ലക്നൗവിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ പൂർണ്ണ സജ്ജരായ ടീമുമായി ഇന്ത്യ ഇറങ്ങുമ്പോൾ സഞ്ജു സാംസൺ - അഭിഷേക് ശർമ്മ സഖ്യം തന്നെ വീണ്ടും ഇന്ത്യൻ ഓപ്പണർമാരായി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക