ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഗംഭീറിന്റെ രൂക്ഷ വിമര്‍ശനം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഗംഭീര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഓസീസിനെതിരെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ ഉപയോഗിച്ച രീതി ശരിയായില്ലെന്നാണ് ഗംബീര്‍ പറയുന്നത്. ഗംഭീറിന്റെ വാക്കുകള്‍... ''പുതിയ പന്തില്‍ ബുമ്രയ്ക്ക് രണ്ട് മാത്രം നല്‍കി ഒതുക്കിയതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഉള്ളില്‍ തട്ടിയാണ് പറയുന്നത് ഇതെന്ത് ക്യാപ്റ്റന്‍സിയാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇത്രയും ശക്തമായൊരു ബാറ്റിങ് ലൈനപ്പുള്ള ടീമിനെ പിടിച്ചുനിര്‍ത്താന്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തേണ്ടതുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ ലോകകത്തെ മികച്ച ബൗളര്‍മാരില്‍ ഒരാളായ ബുമ്രയ്ക്ക് പുതിയ പന്തില്‍ രണ്ടോവര്‍ മാത്രം നല്‍കിയത് ആശ്ചര്യപ്പെടുത്തുന്നു. സാധാരണഗതിയില്‍ മൂന്ന് സ്‌പെല്ലുകളാണ് ബൗളര്‍ക്ക് ലഭിക്കാറുള്ളത്. 4-3-3 ഇങ്ങനെയായിരിക്കുമത്. 

എന്നാല്‍ ബുമ്രയ്ക്ക് രണ്ടോവര്‍ മാത്രമാണ് നല്‍കിയത്. ഇതെന്ത് ക്യാപ്റ്റന്‍സിയാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഇതെന്ത് തന്ത്രമാണെന്ന് എനിക്ക് വിശദീകരിക്കാനാവുന്നില്ല. എന്തുകൊണ്ടായിരിക്കും കോലി ഇത്തരമൊരു മണ്ടത്തരം കാണിച്ചതെന്ന് പിടികിട്ടുന്നില്ല. ഇതു ടി20 ക്രിക്കറ്റല്ല. മോശം ക്യാപ്റ്റന്‍സി എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കുന്നില്ല.'' ഗംഭീര്‍ പറഞ്ഞു. 

ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ അടുത്ത ഏകദിനം കളിക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ''ഇവരില്‍ ഒരാള്‍ കളിച്ചാല്‍ ആറാം ബൗളറുടെ ബൗളറെന്നുളള പ്രശ്‌നം മറിടകടക്കാന്‍ സാധിക്കും. ഈ രണ്ടു പേരും ഏകദിന ടീമിന്റെ ഭാഗമല്ലെങ്കില്‍ അത് ടീം സെലക്ഷനിലെ വലിയ പിഴവ് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. അവസരം നല്‍കിയാല്‍ മാത്രമേ അന്താരാഷ്ട്ര തലത്തില്‍ അവര്‍ എത്രത്തോളം നിലവാരം പുലര്‍ത്തുന്നുവെന്ന് പറയാന്‍ സാധിക്കൂ.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി. ബുധനാഴ്ച്ചയാണ് പരമ്പരയിലെ അവസാന ഏകദിനം.