ദില്ലി: മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയേയും ചേതന്‍ ചൗഹാനേയും പരിഹസിച്ച് ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ ടി20യില്‍ നവ്ദീപ് സൈനി പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഹാസവുമായെത്തിയത്. മുമ്പ് സൈനിയെ ഡല്‍ഹി ടീമിലെടുക്കുന്ന കാര്യത്തില്‍ ഇരുവരും എതിരഭിപ്രായം പറഞ്ഞിരുന്നു. ഇതാണ് ഗംഭീറിനെ ഇങ്ങനെയൊരു ട്വീറ്റിന് പ്രേരിപ്പിച്ചത്. 

വീന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റാണ് സൈനി വീഴ്ത്തിയത്. രണ്ട് വിക്കറ്റ് നേടിപ്പോള്‍ തന്നെ ഗംഭീറിന്റെ ട്വീറ്റെത്തിയിരുന്നു. അതിങ്ങനെയായിരുന്നു... ''ഇന്ത്യന്‍ ജേഴ്‌സിയിലെ തകര്‍പ്പന്‍ അരങ്ങേറ്റത്തിന് അഭിനന്ദനങ്ങള്‍. നീ പന്തെറിയുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. ഈയൊരു പ്രകടനത്തില്‍ ബിഷന്‍ ബേദി, ചേതന്‍ ചൗഹാന്‍ എന്നിവരുടെ വിക്കറ്റുകള്‍ നീ ഇളക്കിയിരുന്നു. ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍.'' 

2018ല്‍ സൈനി ആദ്യമായി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഗംഭീര്‍ ഇത്തരത്തില്‍ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. അന്ന് ട്വീറ്റില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു... ''ദില്ലി ക്രിക്കറ്റ് ക്രിക്കറ്റ് അസോസിയേഷനിലെ ബിഷന്‍ സിങ് ബേദിക്കും ചേതന്‍ ചൗഹാനും ഞാന്‍ അനുശോചനം അറിയിക്കുന്നു. സൈനിയെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിലാണിത്. ബംഗളൂരുവില്‍ കറുത്ത ആംബാന്‍ഡ് കിട്ടും.  (ഇന്ത്യ- അഫ്ഗാന്‍ ആദ്യ ടെസ്റ്റ് നടന്നത് ബംഗളൂരുവിലായിരുന്നു). നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക സൈനി ഒരു ഇന്ത്യക്കാരനാണെന്ന് കാര്യം.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി. 

നേരത്തെ ഹരിയാനക്കാരനായ സൈനിയെ ഡല്‍ഹിയുടെ രഞ്ജി ട്രോഫി കളിപ്പിക്കുന്നതില്‍ ചൗഹാനും ബേദിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അന്ന് സൈനിയെ പിന്തുണച്ചത് ഗംഭീറായിരുന്നു. ഇന്നത്തെ പ്രതികരണവും ഇതിനൊക്കെ എതിരായിരുന്നു.