ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്നു.
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസ് അയ്യരെ തെരഞ്ഞെടുക്കാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍ നല്‍കിയ മറുപടിക്കെതിരെ മുന്‍ താരം അതുല്‍ വാസൻ രംഗത്ത്. കഴിഞ്ഞ ദിവം ഒരു സ്വാകാര്യ ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗംഭീറിനോട് ശ്രേസയിനെ എന്തുകൊണ്ട് ഇംഗ്ലണ്ടിനെതിരാ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തില്ലെന്ന് മാധ്യമങ്ങള്‍ ചോദിച്ചത്. താനല്ല സെലക്ട് ചെയ്യുന്നതെന്നും സെലക്ടര്‍മാരാണ് അത് തീരുമാനിക്കുന്നത് എന്നുമായിരുന്നു ഗംഭീറിന്‍റെ മറുപടി.
എന്നാല്‍ ഗംഭീര്‍ സെലക്ട് ചെയ്തില്ലെങ്കിലും റിജക്ട് ചെയ്തുവെന്ന് മുന്‍ ഇന്ത്യൻ താരം അതുല്‍ വാസന്‍ പറഞ്ഞു. ഗംഭീര്‍ പറഞ്ഞത് ശരിയാണ്, അദ്ദേഹം സെലക്ട് ചെയ്തിട്ടില്ല, പക്ഷെ റിജക്ട് ചെയ്തു.ടീം സെലക്ഷനില്‍ കോച്ചിനും പങ്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ടീം പ്രഖ്യാപിക്കും മുമ്പ് സെലക്ടര്‍മാരും കോച്ചിന്‍റെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാറുണ്ടെന്നും അതുല്‍ വാസന്‍ പറഞ്ഞു.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതോടെ ടെസ്റ്റ് ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴും ശ്രേയസിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. മധ്യനിരയില്‍ വിരാട് കോലി ഒഴിച്ചിട്ട നാലാം നമ്പറിലേക്ക് ശ്രേയസിന്‍റെയും മലയാളി താരം കരുണ്‍ നായരുടെയും പേരുമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കരുണ്‍ നായര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ അസാമാന്യ പ്രകടനം നടത്തിയതാണ് കരുണ്‍ നായരുടെ തിരിച്ചുവരവിന് കാരണമായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയിട്ടും എന്തുകൊണ്ട് ശ്രേയസിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.


