ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാനിരിക്കെയാണ് ഗംഭീര്‍, ധോണിയെ കുറിച്ച് നിര്‍ത്താതെ സംസാരിച്ചത്.

ചെന്നൈ: എം എസ് ധോണിക്കെതിരെ പലപ്പോഴായി കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഗൗതം ഗംഭീര്‍. എന്നാലിപ്പോള്‍ ധോണിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം. ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടാനിരിക്കെയാണ് ഗംഭീര്‍, ധോണിയെ കുറിച്ച് നിര്‍ത്താതെ സംസാരിച്ചത്. മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റനായ ഗംഭീര്‍ നിലവില്‍ ടീമിന്റെ മെന്ററാണ്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് ധോണിയെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഗംഭീറിന്റെ വാക്കുകള്‍... ''ധോണി മൂന്ന് ഐസിസ കിരീടങ്ങള്‍ സ്വന്തമാക്കി. മറ്റാര്‍ക്കും ഈയൊരു സ്ഥാനത്ത് എത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. വിദേശത്ത് പരമ്പര ആര്‍ക്കും നേടാം. എന്നാല്‍ ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമുള്ള കാര്യമല്ല. തീര്‍ച്ചയായും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് ധോണി.'' ഗംഭീര്‍ പറഞ്ഞു.

കെയ്ന്‍ വില്യംസണെ ഒറ്റക്കയ്യിലൊതുക്കി രവി ബിഷ്‌ണോയി! മത്സരത്തിന്റെ ഗതി മാറ്റിയ വിസ്മയ ക്യാച്ചിന്റെ വീഡിയോ

ഐപിഎല്ലില്‍ ധോണിയുടെ പ്രകടനത്തെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ''ഐപിഎല്ലും ധോണി വിജയം ആവര്‍ത്തിച്ചു. സാങ്കേതിക തിവകവുള്ള താരമാണ് ധോണി. സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്ന് ധോണിക്ക് വ്യക്തമായി അറിയാം. മാത്രമല്ല, ഫീല്‍ഡ് എങ്ങനെ ക്രമീകരിക്കണമെന്നും മറ്റാരേക്കാളും ധോണിക്ക് ബോധ്യമുണ്ട്. മത്സരം ഫിനിഷ് ചെയ്യാനും ധോണി മിടുക്കന്‍. അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെങ്കില്‍ പോലും ധോണിയെ വിശ്വസിക്കാം.'' ഗംഭീര്‍ കൂട്ടിചേര്‍ത്തു.

ഇന്ന് ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് ചെന്നൈ - കൊല്‍ക്കത്ത മത്സരം. ഈ സീസണില്‍ കൊല്‍ക്കത്ത ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്ക്. രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാമതുണ്ട് ടീം. കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ നാലാം സ്ഥാനത്താണ്.