പത്മശ്രീ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് തന്‍റെ വിമര്‍ശകരെയെല്ലാം ബൗണ്ടറി കടത്തിയിരിക്കുന്നു മുന്‍ ഇന്ത്യന്‍ തീപ്പൊരി ഓപ്പണര്‍.
ദില്ലി: ക്രിക്കറ്റ് മൈതാനത്തും പുറത്തും വിമര്‍ശകരുടെ പ്രിയ താരമാണ് ഗൗതം ഗംഭീര്‍. എന്നാല്‍ മറ്റ് ക്രിക്കറ്റ് താരങ്ങളെ പോലെ വിമര്‍ശനങ്ങള്‍ കേട്ട് വായടച്ചിരിക്കുന്ന ശീലം ഗംഭീറിനില്ല. ചുട്ട മറുപടി കൊടുത്താണ് അദേഹത്തിന്‍റെ ശീലം. അടുത്തിടെ പത്‌മശ്രീ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഗംഭീറിന്‍റെ പേര് കേട്ടപ്പോഴും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ പത്‌മ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് തന്‍റെ വിമര്‍ശകരെയെല്ലാം ബൗണ്ടറി കടത്തിയിരിക്കുന്നു മുന്‍ ഇന്ത്യന്‍ തീപ്പൊരി ഓപ്പണര്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പത്‌മശ്രീ പുരസ്‌കാരം സ്വീകരിച്ച വിവരം ആരാധകരോട് പങ്കുവെച്ചുള്ള ട്വീറ്റിലാണ് വിമര്‍ശകരെ ഗംഭീര്‍ വിറപ്പിച്ചത്.
'ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും, എന്‍റെ വിമര്‍ശകര്‍ക്കും പുരസ്‌കാരം സമ്മാനിക്കുന്നു. രണ്ട് കൂട്ടരും തന്‍റെ യാത്രയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്' എന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
