2027 ലോകകപ്പിൽ വിരാട് കോലിയും രോഹിത് ശർമ്മയും കളിക്കുമോ എന്ന ചോദ്യത്തിന് ഗൗതം ഗംഭീർ മറുപടി നൽകി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇരുവരും ഇനി ഏകദിന ക്രിക്കറ്റിൽ മാത്രമേ കളിക്കൂ.

മുംബൈ: ടി20 ക്രിക്കറ്റിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു വിരാട് കോലിയും രോഹിത് ശര്‍മയും. ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും കളിക്കുക. 2027 ഏകദിന ലോകകപ്പ് കളിക്കുകയെന്നതാണ് കോലിയും രോഹിത്തും ലക്ഷ്യമിടുന്നത്. എന്നാല്‍ അതിന് മനസും പ്രായവും കൂടി സമ്മതിക്കണം. പിന്നെ ടീം മാനേജ്‌മെന്റും. ഇരുവരും അടുത്ത ഏകദിന ലോകകപ്പ് കളിക്കുമോ എന്നതിനോട് പ്രതികരിക്കുകയാണിപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. 

ടെസ്റ്റ് വിരമിക്കലിനെ കുറിച്ചും ഗംഭീര്‍ സംസാരിക്കുന്നുണ്ട്. ഗംഭീറിന്റെ വാക്കുകള്‍... ''2027 ഏകദിന ലോകകപ്പിനെ കുറിച്ചൊക്കെ ചിന്തിക്കാന്‍ ഇനി ഒരുപാട് സമയമുണ്ട്. അതിന് മുമ്പ് ഒരു ടി20 ലോകകപ്പ് നടക്കാനുണ്ട. അതും ഒരു വലിയ ടൂര്‍ണമെന്റാണ്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയില്‍ വച്ചാണ് ടൂര്‍ണമെന്റ്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മുഴുവന്‍ ശ്രദ്ധയും ടി20 ലോകകപ്പിലായിരിക്കും. ഏകദിന ലോകകപ്പ് രണ്ടരം വര്‍ഷം അകലെയാണ്.'' ഗംഭീര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത്തും കോലിയും അവസാനമായി കളിച്ചത്. വൈകാതെ ടെസ്റ്റില്‍ നിന്നും വിരമിക്കാനും തീരുമാനിച്ചു. അതിനെ കുറിച്ച് ഗംഭീര്‍ പറഞ്ഞതിങ്ങനെ... ''കരിയര്‍ എപ്പോള്‍ തുടങ്ങണം, എപ്പോള്‍ അവസാനിപ്പിക്കണം എന്നൊക്കെയുള്ള തീരുമാനം വ്യക്തിപരമാണ്. എപ്പോള്‍ വിരമിക്കണമെന്നും എപ്പോള്‍ വിരമിക്കരുതെന്നും ആരോടെങ്കിലും പറയാന്‍ ആര്‍ക്കും അവകാശമില്ല. അത് പരിശീലകനോ സെലക്ടറോ മറ്റാരെങ്കിലുമോ ആകട്ടെ. അത്തരം തീരുമാനങ്ങളൊക്കെ ഒരു താരം സ്വയം എടുക്കേണ്ടതാണ്. ഞാന്‍ എപ്പോഴും ഒരു കാര്യം പറഞ്ഞിട്ടുണ്ട്, മികച്ചപ്രകടനം തുടരുമ്പോള്‍ പ്രായം വെറും ഒരു സംഖ്യ മാത്രമാകും'' ഗംഭീര്‍ വ്യക്തമാക്കി.

ടെസ്റ്റ് ക്യാപ്റ്റന്‍സിയെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ''പരിചയ സമ്പന്നരായ രണ്ട് താരങ്ങളില്ലാതെയാണ് നമ്മള്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. യുവതാരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. അത് ബുദ്ധിമുട്ടായിരിക്കും, പക്ഷേ തീര്‍ച്ചയായും കൈ ഉയര്‍ത്തിപ്പിടിക്കുന്ന താരങ്ങള്‍ ഉണ്ടാകും. ചാമ്പ്യന്‍സ് ട്രോഫിക്ക് ജസ്പ്രിത് ബുമ്ര ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവം ടീം അറിഞ്ഞില്ല.'' ഗംഭീര്‍ കൂട്ടിചേര്‍ത്തു.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം നാളെ തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. അജിത് അഗാര്‍ക്കറുടെയും ഗംഭീറിന്റെയും നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ നാളെ യോഗം ചേരും. പുതിയ ക്യാപ്റ്റനേയും നാളെ അറിയാന്‍ കഴിയും.