ഏകദിന ടീമിന്റെ (Team India) നായകസ്ഥാനത്ത് നിന്ന് മാറ്റാനുണ്ടായ തീരുമാനം തന്നെ അറിയിച്ചത് മാറ്റുന്നതിന്റെ ഒന്നര മണിക്കൂര്‍ മുമ്പാണെന്നായിരുന്ന കോലിയുടെ ആരോപണം.
ദില്ലി: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി- വിരാട് കോലി (Virat Kohli) വാക്കുതര്‍ക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയിരുന്നു. ലോക ക്രിക്കറ്റിന് മുന്നില്‍ ചെറുത്തായെങ്കിലും ഇന്ത്യ നാണംകെടുകയും ചെയ്തു. കോലിയുടെ ക്യാപ്റ്റന്‍സി മാറ്റവുമായിട്ടാണ് ബന്ധപ്പെട്ടാണ് ഇരുവരും പരസ്പരം സംസാരമുണ്ടായത്. ഏകദിന ടീമിന്റെ (Team India) നായകസ്ഥാനത്ത് നിന്ന് മാറ്റാനുണ്ടായ തീരുമാനം തന്നെ അറിയിച്ചത് മാറ്റുന്നതിന്റെ ഒന്നര മണിക്കൂര്‍ മുമ്പാണെന്നായിരുന്ന കോലിയുടെ ആരോപണം. എന്നാല്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന് ഗാംഗുലി (Sourav Ganguly) പറഞ്ഞിരുന്നു.
ഇക്കാര്യത്തിലിപ്പോള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. അനാവശ്യ വിവാദങ്ങളായിരുന്നുവെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ''ഇത്തരം കാര്യങ്ങളൊന്നും പരസ്യമാക്കണ്ടതില്ലായിരുന്നു. പുറത്തുവരാതെ കൈകാര്യം ചെയ്യാമായിരുന്നു. ആഭ്യന്തര പ്രശ്‌നം മാത്രമായിരുന്നു അത്. മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഒരവസരമായി. ആഴത്തില്‍ പരിശോധിച്ചാല്‍ ഈ പ്രശ്‌നം അനായാസം തീര്‍പ്പാക്കാമായിരുന്നു. എന്തെങ്കിലും വിവാദമുണ്ടാവുമയിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല.'' ഗംഭീര്‍ പറഞ്ഞു.
കോലിയുടെ ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ''ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി കോലി തുടരണമായിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടി20 ക്യാപ്റ്റന്‍സ്ഥാനം നേരത്തെ കോലി രാജിവച്ചു. അതോടെ ഏകദിനത്തില്‍ മാത്രം ക്യാപ്റ്റനായി തുടരനാവില്ലെന്ന അവസ്ഥ വന്നു. ഏകദിനത്തില്‍ ക്യാപ്റ്റനായിരിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ബിസിസിഐയും ടീം മാനേജ്‌മെന്റും ശരിയായ തീരുമാനമാണെടുത്തത്. എന്നാല്‍ ടെസ്റ്റ് ടീമിന്റെ കാര്യത്തില്‍ അവര്‍ക്ക് പിഴച്ചു. കോലിയെ സ്ഥാനമൊഴിയാന്‍ സമ്മതിക്കരുതായിരുന്നു.'' ഗംഭീര്‍ വിശദമാക്കി.
ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാനാണ് കോലിയുടെ ശ്രമം. രണ്ട് വര്‍ഷമായി കോലി അവസാന സെഞ്ചുറി നേടിയിട്ട്. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന- ടി20 പരമ്പരയും ഇന്ത്യക്ക് കളിക്കാനുണ്ട്. കോലി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
