എന്നാല്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മനുഷ്യത്വത്തിനുനേരെ സര്‍ക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ഉറക്കെ വിളിച്ചു പറയുന്ന അഫ്രീദി ഇതെല്ലാം നടക്കുന്നത് പാക് അധീന കശ്മീരിലാണെന്ന് മറന്നുപോയെന്ന് ഗംഭീര്‍ ഓര്‍മിപ്പിച്ചു.
ദില്ലി: ജമ്മു കശ്മീര്‍ വിഷയത്തില്‍ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. യുഎന്‍ പ്രമേയമനുസരിച്ച് കശ്മീരികള്‍ക്ക് അവരുടെ അവകാശങ്ങള്‍ അനുവദിക്കണമെന്നും നമുക്കെല്ലാവര്‍ക്കുമുള്ളതുപോല അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു.
ഐക്യരാഷ്ട്രസഭ എന്തിനാണ് രൂപീകരിച്ചതെന്നും അവര്‍ ഉറങ്ങുകയാണോ എന്നും അഫ്രീദി ചോദിച്ചു. മനുഷ്യത്വത്തിനെതിരെ പ്രകോപനമേതുമില്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ കുറ്റകൃത്യം ശ്രദ്ധിക്കണമെന്ന് പറഞ്ഞ അഫ്രീദി കശ്മീര്‍ വിഷയം പരിഹരിക്കാന്‍ അമേരിക്ക മധ്യസ്ഥത വഹിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ കശ്മീരിലെ മുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മനുഷ്യത്വത്തിനുനേരെ സര്‍ക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ഉറക്കെ വിളിച്ചു പറയുന്ന അഫ്രീദി ഇതെല്ലാം നടക്കുന്നത് പാക് അധീന കശ്മീരിലാണെന്ന് മറന്നുപോയെന്നും അക്കാര്യത്തിന് ഞങ്ങള്‍ ഉടന്‍ പരിഹാരം കാണുമെന്നും ഗംഭീര്‍ മറുപടി നല്‍കി.
കളിക്കുന്ന കാലത്തും ഗ്രൗണ്ടില്‍ ഇവരുവരും പരസ്പരം കൊമ്പുകോര്‍ത്തിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയാണ് പുറത്തുവിട്ടത്.
