അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേല്‍ക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരുക.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീം മെന്‍ററായ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ബിസിസിഐ വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയോട് വിട പറയുന്നതിന്‍റെ ഭാഗമായി യാത്രയയപ്പ് വീഡിയോ ചിത്രീകരിക്കാനായി ഗംഭീര്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയിരുന്നു. ഇതോടെയാണ് ഗംഭീര്‍ തന്നെ ഇന്ത്യൻ കോച്ചാവുമെന്ന കാര്യം ഉറപ്പായത്. ഔദ്യോഗിക പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്ന് മാത്രമെ ഇനി അറിയാനുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേല്‍ക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരുക. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്. ലോകകപ്പ് കിരീടത്തോടെ വിടവാങ്ങാന്‍ ഇത് ദ്രാവിഡിന് അവസരമൊരുക്കുകയും ചെയ്തു.

സഞ്ജുവും യശസ്വിയും ദുബെയും സിംബാബ്‌വെയിൽ ഇന്ത്യൻ ടീമിനൊപ്പം; 3 താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും

പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തില്‍ ലോകകപ്പ് താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ ജൂനിയര്‍ താരങ്ങളെ പരമ്പരക്ക് അയച്ചപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായ വിവിഎസ് ലക്ഷ്മണാണ് താല്‍ക്കാലിക പരിശീലകനായി ടീമിനൊപ്പം പോയത്. അടുത്ത മാസം നടക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയോടെയാവും ഗംബീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ ഉപദേശക സമിതി കഴിഞ്ഞ മാസം നടത്തിയ അഭിമുഖത്തില്‍ ഗംഭീറിനൊപ്പം മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഡബ്ല്യു വി രാമനും പങ്കെടുത്തിരുന്നു.

Scroll to load tweet…

ഗംഭീറിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫായി ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്ക് വേണ്ടി ബിസിസിഐ വൈകാതെ അപേക്ഷ ക്ഷണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. താന്‍ നിര്‍ദേശിക്കുന്നയാളുകളെ സപ്പോര്‍ട്ട് സ്റ്റാഫായി ലഭിക്കണമെന്ന് ഗംഭീര്‍ ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിന് എത്തിയപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക