ഏഷ്യാ കപ്പിലായാലും ലോകകപ്പിലായാലും ഇഷാന്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നാല്‍ അത് ആന മണ്ടത്തരമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു
മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കണമെന്ന ചര്‍ച്ചകളും സജീവമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇഷാന്‍ കിഷനും കെ എല്‍ രാഹുലും ടീമിലെത്തുകയും കിഷന്‍ ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ മധ്യനിരയില്‍ തിളങ്ങുകയും ചെയ്തതോടെ വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. ഏഷ്യാ കപ്പ് സൂപ്പര്‍ പോരാട്ടത്തില്‍ ഞായറാഴ്ച വീണ്ടും പാക്കിസ്ഥാനെ നേരിടാനിറങ്ങുകയാണ് ഇന്ത്യ.
ഏഷ്യാ കപ്പിലായാലും ലോകകപ്പിലായാലും ഇഷാന്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നാല്‍ അത് ആന മണ്ടത്തരമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചക്കിടെയായിരുന്നു ഗംഭീറിന്‍റെ തുറന്നു പറച്ചില്‍. ഫോമിന്‍റെ അടിസ്ഥാനത്തിലാവണം ടീം സെലക്ഷനെന്നും കിഷന്‍റെ സ്ഥാനത്ത് രോഹിത് ശര്‍മയോ വിരാട് കോലിയോ ആണെങ്കില്‍ രാഹുലിനെ പരിഗണിക്കില്ലല്ലോ എന്നും ഗംഭീര്‍ ചോദിച്ചു. കളിക്കാരന്‍റെ പേരല്ല, ഫോമാണ് ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റ് ജയിക്കാന്‍ വേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കെ എല്‍ രാഹുല്‍ ടീമിലെ പ്രധാന താരമാണെന്ന് പറഞ്ഞിരുന്നു.
സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് ഇഷാന്‍ കിഷനെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് ഗംഭീറിനോട് യോജിച്ച ആകാശ് ചോപ്ര വ്യക്തമാക്കി. ടീമില്‍ സ്ഥാനം ഉറപ്പല്ലാതിരുന്നിട്ടും ലഭിക്കുന്ന അവസരങ്ങളിലെല്ലാം കിഷന്‍ മികവ് കാട്ടിയിട്ടുണ്ടെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി. ഇഷാന്‍ കിഷന് അധികം അവസരങ്ങള്‍ ലഭിക്കാറില്ല. അവസരം കിട്ടുമ്പോഴൊക്കെ അവന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ബാറ്റിംഗിന് ഇറങ്ങാറുള്ളത്. എന്നിട്ടും അവന്‍ മികച്ച പ്രകടനം നടത്താന്‍ അവന് കഴിയാറുണ്ട്. ഡബിള്‍ സെഞ്ചുറി നേടിയശേഷം അടുത്ത പരമ്പരയില്‍ കിഷന് അവസരം കിട്ടിയിട്ടില്ല. ഈ ബാറ്റിംഗ് നിരയില്‍ കിഷന്‍ എവിടെ ബാറ്റ് ചെയ്യുമെന്നത് വ്യത്യസ്തമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. എന്നാല്‍ ഏകദിന ക്രിക്കറ്റിന്‍റെ പള്‍സ് അറിയാവുന്ന കളിക്കാരനാണ് കിഷനെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
