ശ്രേയസിന്റെ പരിക്കിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ല. ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

ദില്ലി: ദീര്‍ഘകാലത്തെ പരിക്കിന് ശേഷമാണ് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശ്രേയസിന് വീണ്ടും പരിക്കേറ്റു. പിന്നീട് ഒരു മത്സരത്തിലും അദ്ദേഹം കളിച്ചിട്ടില്ല. എങ്കിലും ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ ശ്രേയസുണ്ട്. അതോടൊപ്പം ഏകദിന ലോകകപ്പിനുള്ള ടീമിലും ശ്രേയസ് ഇടം പിടിച്ചു. ഓസ്‌ട്രേലിയക്കെതിരെ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. 

ശ്രേയസിന്റെ പരിക്കിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ല. ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ശ്രേയസ് ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്നും പകരക്കാരനെ കണ്ടെത്തണമെന്നുമാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഫോം വീണ്ടെടുക്കാനോ ഫിറ്റ്‌നെസ് നിലനിര്‍ത്താനോ ശ്രേയസിന് സാധിച്ചില്ല. ലോകകപ്പ് പോലെ ഒരു വലിയ ടൂര്‍ണമെന്റില്‍ അദ്ദേഹത്തെ കളിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്ന് കരുതുന്നു. ശ്രേയസ് ലോകകപ്പിനുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. പകരക്കരാനെ ഉടന്‍ പ്രഖ്യാപിക്കേണ്ടതുണ്ട്.'' ഗംഭീര്‍ പറഞ്ഞു.

ശ്രേയസിന് ഫോമിലെത്താനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. ''പരിക്ക് മാറിയാലും ശ്രേയസിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇതുവരെ അദ്ദേഹത്തിന് ഫോമിലാവാന്‍ സാധിച്ചിട്ടില്ല. അതിനിടെ പരിക്കും. ഏഴോ എട്ടോ മാസങ്ങള്‍ക്ക് ശേഷമാണ് ശ്രേയസ് തിരിച്ചെത്തുന്നത്. എന്നാല്‍ ടീമില്‍ ഒരു മത്സരം മാത്രം കളിച്ചപ്പോഴേക്കും വീണ്ടും അയാള്‍ക്ക് പരിക്കേറ്റു. ഇങ്ങനെയൊരു താരത്തെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ ആശങ്കകളുണ്ടാകും.''- ഗംഭീര്‍ പറഞ്ഞു.

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

ഇന്ത്യ, പാകിസ്ഥാന്‍, ഓസീസ്; ലോകകപ്പിന് മുമ്പ് റാങ്കിംഗില്‍ ആര് ഒന്നാമതെത്തും? മൂന്ന് ടീമുകളുടേയും സാധ്യതകള്‍

അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.