രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജോ റൂട്ടിനെതിരെ യശസ്വി ജയ്‌സ്വാള്‍ ബൗണ്ടറി നേടിയെങ്കിലും ആ ഓവറില്‍ തന്നെ യശസ്വിയെ സ്വന്തം ബൗളിംഗില്‍ കൈപ്പിടിയിലൊതുക്കി റൂട്ട് ഇന്ത്യയെ ഞെട്ടിച്ചു.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടിയായി രണ്ടാം ദിനം 119-1 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്. 55 റണ്‍സോടെ കെ എല്‍ രാഹുലും 34 റണ്‍സുമായി ശ്രേയസ് അയ്യരും ക്രീസില്‍. 80 റണ്‍സടിച്ച യശസ്വി ജയ്സ്വാളിന്‍റെയും 23 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്കിനി 24 റണ്‍സ് കൂടി മതി.
തുടക്കത്തിലെ ഞെട്ടി ഇന്ത്യ
രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജോ റൂട്ടിനെതിരെ യശസ്വി ജയ്‌സ്വാള്‍ ബൗണ്ടറി നേടിയെങ്കിലും ആ ഓവറില്‍ തന്നെ യശസ്വിയെ സ്വന്തം ബൗളിംഗില്‍ കൈപ്പിടിയിലൊതുക്കി റൂട്ട് ഇന്ത്യയെ ഞെട്ടിച്ചു. 74 പന്ില്‍ 80 റണ്‍സെടുത്ത് യശസ്വി മടങ്ങിയത്. 10 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് യശസ്വിയുടെ ഇന്നിംഗ്സ്. പിന്നാലെ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ ആണ് ക്രീസിലെത്തിയത്.
രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തപ്പോള്‍ അമിത പ്രതിരോധത്തിലേക്ക് പോയ ശുഭ്മാന്‍ ഗില്ലിന് താളം കണ്ടെത്താനായില്ല. ഇന്നലെ 14 റണ്‍സെടുത്തിരുന്ന ഗില്‍ ഇന്ന് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 23 റണ്‍സുമായി മടങ്ങി. 66 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്.
ഗില്‍ മടങ്ങിയശേഷം ക്രീസിലെത്തി ശ്രേയസ് അയ്യര്‍ക്കെതിരെ ഷോര്‍ട്ട് ബോള്‍ തന്ത്രം ഇംഗ്ലണ്ട് പരീക്ഷിച്ചെങ്കിലും അത് അതിജീവിച്ച ശ്രേയസ് രാഹുലിനൊപ്പം 62 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചു. 78 പന്തിലാണ് രാഹുല്‍ 55 റണ്‍സെടുത്തത്. ശ്രേയസ് 57 പന്തില്‍ 34 റണ്‍സെടുത്തു. മൂന്ന് ഫോറും ഒരു സിക്സും ശ്രേയസ് പറത്തി.
ഇന്നലെ ഒന്നാം ദിനം ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സിൽ അവസാനിച്ചിരുന്നു.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നല്ല തുടക്കത്തിനുശേഷമാണ് തകര്‍ന്നടിഞ്ഞത്. ഇന്ത്യയുടെ സ്പിന്‍ ത്രയമായ അശ്വിനും ജഡേജക്കും അക്സര്‍ പട്ടേലിനും മുന്നില്‍ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശാന്‍ ശ്രമിച്ച ഇംഗ്ലണ്ട് അടിതെറ്റി വീഴുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 155-7ല്‍ നിന്ന് ഇംഗ്ലണ്ടിനെ 246ല്‍ എത്തിച്ചത്.
