മുംബൈ: സച്ചിന്‍ ടെന്‍ഡുക്കര്‍ക്കാണോ അതോ ബ്രയാന്‍ ലാറയ്ക്കാണോ സാങ്കേതിക തികവെന്ന് കൂടുതലെന്ന് ചോദിച്ചാല്‍ മറുപടി പറയുക എളുപ്പമാവില്ല. എന്നാല്‍ മുന്‍ ഓസീസ് പേസര്‍ ഗില്ലസ്പി പറയുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം. ലാറയേക്കാള്‍ പുറത്താക്കുന്നതില് കൂടുതല്‍ ബുദ്ധിമുട്ട് സച്ചിനെ പുറക്കാനാണെന്നാണ് ഗില്ലസ്പി പറയുന്നത്. ലാറയേക്കാള്‍ സാങ്കേതിക തികവ് സച്ചിനാണെന്ന് പറയാതെ പറയുകയായിരുന്നു ഗില്ലസ്പി.

കരിയറില്‍ സച്ചിനെതിരെ കളിക്കുമ്പോള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് ഗില്ലസ്പി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ഇരുവരും മികച്ച താരങ്ങളാണ്. എന്നാല്‍ ലാറയേക്കാള്‍ ഏറെ ബുദ്ധിമുട്ടാണ് സച്ചിനെ പുറത്താക്കാന്‍. സച്ചിന്‍ പ്രതിരോധം പൊളിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ലാറയുടെ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ നല്‍കും. അവര്‍ക്കെതിരെ പന്തെറിയുകയെന്നത് ജീവിതത്തിലെ ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അവര്‍ അത്രത്തോളം മികവുറ്റ താരങ്ങളായിരുന്നു.'' ഗില്ലസ്പി പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ ദിവസം ലാറയ്‌ക്കെതിരെ പന്തെറിയുക ബുദ്ധിമുട്ടാണെന്ന് ഗില്ലസ്പിയുടെ സഹതാരം ഗ്ലെന്‍ മഗ്രാത് വ്യക്തമാക്കിയിരുന്നു. സച്ചിനെതിരെയാണോ ലാറയ്‌ക്കെതിരെയാണോ പന്തെറിയാന്‍ ബുദ്ധിമുട്ടെന്ന് ചോദിച്ചപ്പോഴാണ് മഗ്രാത് ഇങ്ങനെ പറഞ്ഞത്.