സിഡ്നി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെ 10 കോടിയുടെ ചിയര്‍ ലീഡറെന്ന് പരിഹസിച്ച ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് മറുപടിയുമായി മാക്സ്‌വെല്‍. ഐപിഎല്ലില്‍ ഫ്ലോപ്പ് ആയ അഞ്ച് കളിക്കാരെ തെരഞ്ഞെടുത്തപ്പോഴാണ് സെവാഗ് മാക്സ്‌വെല്ലിനെ 10 കോടിയുടെ ചിയര്‍ ലീഡറെന്ന് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏതാനും സീസണുകളിലായി കോടികള്‍ നല്‍കി മാക്സ്‌വെല്ലിന് എന്തിനാണ് ടീമുകള്‍ സ്വന്തമാക്കുന്നത് എന്ന് അറിയില്ലെന്നും അവധിക്കാലം ആഘോഷിക്കാനാണ് താരം വരുന്നതെന്നും സെവാഗ് പറഞ്ഞിരുന്നു.

എന്നാല്‍ സെവാഗിന്‍റെ ഇത്തരം പ്രസ്താവനകളില്‍ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്നായിരുന്നു മാക്സ്‌വെല്ലിന്‍റെ പ്രതികരണം.  ഇതാദ്യമായല്ല സെവാഗ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. എന്നോടുള്ള അനിഷ്ടം അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അത് കുഴപ്പമില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്തരം പ്രസ്താവനകളിലൂടെയാണ് അദ്ദേഹം എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്‍റെ മുറിവില്‍ ഉപ്പ് തേക്കുന്നതുപോലെയെ ഞാനിതിനെ കാണുന്നുള്ളു. ഇത്തരം കാര്യങ്ങളെയെല്ലാം നേരിടാന്‍ താനിപ്പോള്‍ പഠിച്ചു കഴിഞ്ഞുവെന്നും മാക്സ്‌വെല്‍ പറഞ്ഞു.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി കളിച്ച മാക്സ്‌വെല്ലിന് ഒരു അര്‍ധസെഞ്ചുറിപോലും നേടാനായില്ല. 32 ആയിരുന്നു സീസണില്‍ മാക്സ്‌വെല്ലിന്‍റെ ഉയര്‍ന്ന സ്കോര്‍. 2017ല്‍ 26 സിക്സ് അടിച്ചിട്ടുള്ള മാക്സ്‌വെല്ലിന് സീസണില്‍ ഒരു തവണ പോലും സിക്സ് അടിക്കാനായില്ല. കൊല്‍ക്കത്തക്കെതിരെ അവസാന പന്തില്‍ ജയത്തിനായി ആറ് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍ മാക്സ്‌വെല്ലിന്‍റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ബൗണ്ടറിയായി. മത്സരം പഞ്ചാബ് ഒരു റണ്ണിന് തോല്‍ക്കുകയും ചെയ്തു.