വൈറ്റ്ബോൾ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്സ്‍വെൽ

സിഡ്‌നി: ലോകത്തെ ഏറ്റവും മികച്ച ട്വന്‍റി 20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിനോടുളള അടക്കാനാവാത്ത ഇഷ്ടം വെളിപ്പെടുത്തി ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ. നടക്കാനാവുന്ന കാലം വരെ കളിക്കുമെന്നും ഐപിഎൽ ആയിരിക്കും തന്‍റെ കരിയറിലെ അവസാന ടൂർണമെന്‍റ് എന്നും മാക്സ്‍വെൽ പറഞ്ഞു.

വൈറ്റ്ബോൾ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് ഗ്ലെൻ മാക്സ്‍വെൽ. ഗ്രൗണ്ടിന്‍റെ ഏത് ഭാഗത്തേക്കും സിക്സർ പായിക്കാൻ ശേഷിയുള്ള ബാറ്റർ. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെയും (128 പന്തില്‍ 201*), ഗുവാഹത്തി ടി20 യില്‍ ഇന്ത്യക്കെതിരെയും (48 പന്തില്‍ 104*) മാക്‌സിയുടെ ബാറ്റിംഗ് പവര്‍ ആരാധകര്‍ അടുത്തിടെ കണ്ടിരുന്നു. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗിൽ മെൽബൺ സ്റ്റാർസിന്‍റെ നായകനായ മാക്സ്‍വെൽ ഐപിഎല്ലിൽ റോയൽ ചല‍ഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് കളിക്കുന്നത്. കരിയറിൽ ഏറ്റവും മികച്ച അനുഭവങ്ങൾ നൽകിയിട്ടുള്ള ഐപിഎല്ലിൽ തനിക്ക് പറ്റാവുന്നിടത്തോളം കളിക്കുമെന്ന് മാക്സ്‍വെൽ വ്യക്തമാക്കി.

'നടക്കാൻ കഴിയുന്ന കാലത്തോളം ഐപിഎല്ലിൽ കളിക്കും. വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും അടക്കമുള്ള സഹതാരങ്ങളും എതിർ ടീമിലെ താരങ്ങളും പരിശീലകരും തന്‍റെ ക്രിക്കറ്റ് കരിയ‍ർ മെച്ചപ്പെടുത്താൻ സഹായിച്ചു. കരിയറിലെ അവസാന ടൂർണമെന്‍റ് ഐപിഎൽ ആയിരിക്കും' എന്നും മാക്സ്‍വെൽ പറഞ്ഞു. 

2012ൽ ഡൽഹി ക്യാപിറ്റൽസിലൂടെയാണ് മാക്സ്‍വെൽ ഐപിഎല്ലിലെത്തിയത്. പിന്നീട് മുംബൈ ഇന്ത്യൻസിലും പഞ്ചാബ് കിംഗ്സിലും കളിച്ചു. 2021ൽ ആർസിബിയിൽ എത്തിയ ശേഷം ബാംഗ്ലൂര്‍ ആരാധകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാക്‌സ്‌വെല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ആദ്യ സീസണിൽ 144 സ്​ട്രൈക്ക് റേറ്റോടെ 513 റൺസും 2022ൽ 169.10 പ്രഹരശേഷിയില്‍ 301 റൺസും കഴിഞ്ഞ സീസണിൽ 183.49 സ്ട്രൈക്ക് റേറ്റില്‍ 400 ​റൺസും ഗ്ലെന്‍ മാക്‌സ്‌വെല്‍ സ്വന്തമാക്കി.ഐപിഎല്‍ കരിയറിലാകെ 124 മത്സരങ്ങളില്‍ 26.40 ശരാശരിയിലും 157.62 സ്ട്രൈക്ക് റേറ്റിലും 2719 റണ്‍സ് മാക്‌സിക്കുണ്ട്. 31 വിക്കറ്റും മാക്‌സ്‌വെല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീഴ്‌ത്തി. 

Read more: 'അത്ര കിനാവ് കണ്ട് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ വരേണ്ട, പണി പാളും'; ശക്തമായ മുന്നറിയിപ്പുമായി ജാക്ക് കാലിസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം