മൂന്ന് വ്യത്യസ്ത നായകൻമാരുമായാണ് ഇന്ത്യ ഇത്തവണ ദക്ഷിണാഫ്രിക്കയിൽ എത്തുന്നത്
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി പ്രോട്ടീസ് ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്. ഇന്ത്യ മികച്ച ടീമാണെങ്കിലും ദക്ഷിണാഫ്രിക്കയിൽ പരമ്പര നേടുക വെല്ലുവിളിയാണെന്ന് കാലിസ് പറഞ്ഞു.
മൂന്ന് വ്യത്യസ്ത നായകൻമാരുമായാണ് ഇന്ത്യ ഇത്തവണ ദക്ഷിണാഫ്രിക്കയിൽ എത്തുന്നത്. ട്വന്‍റി 20യിൽ സൂര്യകുമാർ യാദവും ഏകദിനത്തിൽ കെ എൽ രാഹുലും ടെസ്റ്റിൽ രോഹിത് ശർമ്മയും ഇന്ത്യയെ നയിക്കും. ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയിൽ കളിച്ചത് 2021-2022ലാണ്. അന്ന് ടെസ്റ്റ് പരമ്പര 2-1നും ഏകദിന പരമ്പര 3-0നും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇത്തവണയും ടീം ഇന്ത്യ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് മുൻ താരം ജാക്ക് കാലിസ് മുന്നറിയിപ്പ് നല്‍കി. 'ഇന്ത്യ മികച്ച ടീമാണ്. പക്ഷേ, സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കുക എളുപ്പമല്ല. ടെസ്റ്റിൽ ഒന്നോ രണ്ടോ സെഷനുകളിലെ പ്രകടനമാവും നിർണായകമാവുകയെന്നും' കാലിസ് പ്രവചിക്കുന്നു.
ഇത്തവണത്തെ ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പരയിൽ മൂന്ന് വീതം ട്വന്‍റി 20യും ഏകദിനവും രണ്ട് ടെസ്റ്റുമാണുള്ളത്. ഞായറാഴ്ചത്തെ ട്വന്‍റി 20യോടെ പരമ്പരയ്ക്ക് തുടക്കമാവും. ഈമാസം 17 മുതലാണ് ഏകദിന പരമ്പര. ഒന്നാം ടെസ്റ്റ് ഡിസംബർ ആറ് മുതൽ സെഞ്ചൂറിയനിലും രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതൽ കേപ്‌ടൗണിലും നടക്കും.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന ടീമിലേക്ക് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നു. സഞ്ജു സാംസണ്‍ ടീം ഇന്ത്യക്കായി ഇതുവരെ 13 ഏകദിനങ്ങളും 24 ടി20കളുമാണ് കളിച്ചിട്ടുള്ളത്. 2021 ജൂലൈയില്‍ ഏകദിന അരങ്ങേറ്റം കുറിച്ച ശേഷം പതിമൂന്ന് മത്സരങ്ങളില്‍ 55.71 ശരാശരിയില്‍ 390 റണ്‍സുമായി മികച്ച റെക്കോര്‍ഡുള്ളത് സഞ്ജുവിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്കുള്ള സെലക്ഷനില്‍ അനുകൂല ഘടകമായി. വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി (139 പന്തില്‍ 128 റണ്‍സ്) കേരളത്തിനായി നേടിയതിന്‍റെ ആത്മവിശ്വാസം പരമ്പരയില്‍ സഞ‌്ജുവിന് മുതല്‍ക്കൂട്ടാവും എന്നാണ് കരുതപ്പെടുന്നത്.
