സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയുടെ വജ്രായുധം ആരായിരിക്കുമെന്ന് വെളിപ്പെടുത്ത് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കായിരിക്കും പരമ്പരയില്‍ ഓസീസിന്‍റെ നിര്‍ണായക താരമെന്ന് മക്ഗ്രാത്ത് പറഞ്ഞു.

ഓസീസ് പിച്ചുകളില്‍ ഇപ്പോള്‍ പഴയതുപോലെ പേടിപ്പെടുത്തുന്ന പേസും ബൗണ്‍സുമില്ല. എങ്കിലും ഇന്ത്യയിലേക്കാള്‍ വേഗമുള്ള പിച്ചുകളാണ് ഇപ്പോഴും ഓസീസിലേത്. കഴിഞ്ഞ പരമ്പരയിലെ ജയം ഇന്ത്യക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കുന്നുണ്ടാവാം. ഉമേഷിന്‍റെ അതിവേഗവും ഷമിയുടെ സ്വിംഗും കൃത്യതയും ക്ലാസ് പ്രകടനം തുടരുന്ന ബുമ്രയുമെല്ലാം ഇന്ത്യക്ക് കരുത്തേകുന്നുണ്ട്.

തന്‍റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്പെല്ലില്‍ പോലും ആദ്യ സ്പെല്ലിലെ അതേവേഗത്തില്‍ പന്തെറിയാന്‍ ബുമ്രക്കാവും. അതുകൊണ്ടുതന്നെ ഇന്ത്യയെ കീഴടക്കുക ഓസീസിനെ സംബന്ധിച്ചിചത്തോളം വെല്ലുവിളിയാണ്. അതേസമയം, ഇന്ത്യന്‍ ബൗളര്‍മാരോട് ഏറ്റുമുട്ടാനുള്ള ബൗളിംഗ് കരതുത്ത് ഓസീസിനുമുണ്ട്. കൃത്യതയില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഹേസല്‍വുഡും ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറായ പാറ്റ് കമിന്‍സും ഓസീസിന് ഉണ്ട്.

ഇതിനെല്ലാം പുറമെ ഓസീസിന്‍റെ എക്സ് ഫാക്ടറാവുക മിച്ചല്‍ സ്റ്റാര്‍ക്കാവും. ലൈനും ലെംഗ്ത്തും കൃത്യമായി എറിയാന്‍ കഴിഞ്ഞാല്‍ നാലോ അഞ്ചോ വിക്കറ്റുകള്‍ അതിവേഗം വീഴ്ത്താന്‍ സ്റ്റാര്‍ക്കിനാവും.
അതുകൊണ്ടുതന്നെ ബൗളിംഗിന്‍റെ കാര്യത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണെങ്കിലും ഓസീസിന് നേരിയ മുന്‍തൂക്കമുണ്ടെന്നും മക്‌ഗ്രാത്ത് പറഞ്ഞു.  

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പരക്കുശേഷം ടി20 പരമ്പരയിലും ഇടു ടീമും ഏറ്റുമുട്ടും. അടുത്ത മാസം 17നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.