ദില്ലി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് പേസര്‍മാരെയും ബാറ്റ്സ്‌മാന്‍മാരെയും തെരഞ്ഞെടുത്ത് ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന പേരുകളാണ് പേസ് ജീനിയസ് വ്യക്തമാക്കിയത്. 

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്ര എന്നിവരെയാണ് മികച്ച പേസര്‍മാരായി മഗ്രാ തെരഞ്ഞെടുത്തത്. ഏകദിന റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ബൗളറാണ് ബുമ്ര. നാലാം സ്ഥാനത്താണ് റബാഡ. ടെസ്റ്റ് റാങ്കിംഗില്‍ റബാഡ നാലാമതും ബുമ്ര ആറാമതുമാണ്. അസാധാരണ താരമായ ബുമ്രക്ക് മികച്ച പേസും നിയന്ത്രണവും കൃത്യമായ മനോഭാവവും ഉണ്ടെന്ന് മഗ്രാത്ത് പറയുന്നു. അതേസമയം ചാമ്പ്യന്‍ പേസര്‍ എന്നാണ് റബാഡക്ക് മുന്‍താരം നല്‍കുന്ന വിശേഷണം.

ബാറ്റ്‌സ്‌മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെയുമാണ് മഗ്രാത്ത് തെരഞ്ഞെടുത്തത്. സ്‌മിത്ത് അസാധാരണ ബാറ്റ്സ്‌മാനാണ് എന്ന് മഗ്രാ വിശേഷിപ്പിക്കുമ്പോള്‍ സാങ്കേതികത്തികവുള്ള ക്ലാസ് പ്ലെയറാണ് കോലി എന്നും പറയുന്നു. കണ്ണും കൈകളും തമ്മില്‍ സ്‌മിത്തിന് മികച്ച ഇണക്കമുണ്ട്. എന്നാല്‍, അയാളൊരു ടെക്‌സ്റ്റ്ബുക്ക് ബാറ്റ്സ്‌മാനല്ല എന്നും മഗ്രാത്ത് വ്യക്തമാക്കി.