46 പന്തില്‍ സെഞ്ചുറി തികച്ച ഫിലിപ്സ് 107 റണ്‍സുമായി ടോപ് സ്കോററായപ്പോള്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബ്രേസ്‌വെല്‍ 25 പന്തില്‍ 65 റണ്‍സെടുത്തു.
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 260 റണ്‍സിന്‍റെ പടുകൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്സിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സടിച്ചു. 46 പന്തില്‍ സെഞ്ചുറി തികച്ച ഫിലിപ്സ് 49 പന്തില്‍107 റണ്‍സെടുത്ത് കിവീസിന്‍റെ ടോപ് സ്കോററായപ്പോള്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബ്രേസ്‌വെല്‍ 25 പന്തില്‍ 65 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ 34 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഫിലിപ്സ്-ബ്രേസ്‌വെല്‍ സഖ്യത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് ന്യൂസിലന്‍ഡിന് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്. 12 മുതല്‍ 17 വരെയുള്ള 5 ഓവറുകളില്‍ ഫിലിപ്സും ബ്രേസ്‌വെല്ലും ചേര്‍ന്ന് 100 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യക്കായി മായങ്ക് യാദവ് 3 വിക്കറ്റെടുത്തു.
തുടക്കത്തില്‍ അടിതെറ്റി, പിന്നെ അടിച്ചു തകര്‍ത്തു
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ടിം സൈഫര്‍ട്ടിനെ(3) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഫിൻ അലനെ കാഴ്ചക്കാരനാക്കി ഡാരില്‍ മിച്ചല്‍ തകര്‍ത്തടിച്ചതോടെ കിവീസ് കുതിച്ചു. 9 പന്തില്‍ 24 റണ്‍സെടുത്ത മിച്ചലിനെ മായങ്ക് തന്‍റെ രണ്ടാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയെങ്കിലും നാലാം നമ്പറില്‍ ക്രീസിലെത്തിയ ഫിപിപ്സ് പരമ്പരയിലെ മികച്ച ഫോം തുടര്‍ന്നു.
പവര്‍ പ്ലേയില്‍ 67 റണ്‍സിലെത്തിയ കിവീസിനായി മൂന്നാം വിക്കറ്റില്‍ അലനും ഫിലിപ്സും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. അക്ഷര്‍ പട്ടേലിനെ സിക്സിനും രണ്ട് ഫോറുകള്‍ക്കും പറത്തി അലന്‍ അപകടകാരിയാവുന്നതിനിടെ അക്ഷര്‍ തന്നെ അലനെ(17 പന്തില്‍ 31) മടക്കി പ്രതികാരം ചെയ്തു. ഒമ്പതാം ഓവറില്‍ ന്യൂസിലന്‍ഡ് 100 കടന്നു. പതിനൊന്നാം ഓവറില്‍ ബെവോണ്‍ ജേക്കബ്സിനെ(7 പന്തില്‍ 7) നഷ്ടമായ കിവീസ് പതറുമെന്ന് കരുതിയെങ്കിലും ബ്രേസ്‌വെല്ലും ഫിലിപ്സും ചേര്‍ന്ന് കിവീസിനായി തകര്‍ത്തടിച്ചു.
31 പന്തില്‍ അര്‍ധസെഞ്ചറി തികച്ച ഫിലിപ്സും ബ്രേസ്‌വെല്ലും ചേര്‍ന്ന് അക്ഷര്‍ പട്ടേല്‍ എറിഞ്ഞ പതിനാലാം ഓവറില്‍ 20 റണ്‍സടിച്ചപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ പതിനാറം ഓവറില്‍ തുടര്‍ച്ചയായി നാല് സിക്സ് അടക്കം 32 റണ്‍സ് കൂടി നേടി കിവീസിനെ 200 കടത്തി. മായങ്ക് യാദവ് എറിഞ്ഞ പതിനേഴാം ഓലവറില്‍ മൂന്ന് സിക്സ് അടിച്ച ബ്രേസ്‌വെല്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പതിനെട്ടാം ഓവറില്‍ ബ്രേസ്‌വെല്ലിനെ(25 പന്തില്‍ 65) വിക്കറ്റിന് മുന്നില്‍ കുടുക്കിയ പ്രിന്‍സ് യാദവാണ് കിവീസിനെ പിടിച്ചു നിര്‍ത്തിയത്. 46 പന്തില്‍ സെഞ്ചുറിയിലെത്തിയ ഫിലിപ്സ് അവസാന ഓവറില്‍ ആദ്യ പന്തില്‍ സിക്സ് അടിച്ച് നിതീഷ് കുമാറിനെതിരെ തുടര്‍ച്ചയായി 5 സിക്സ് പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ നിതീഷിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 10 സിക്സും ആറ് ഫോറും അടങ്ങുന്നതാണ് ഫിലിപ്സിന്‍റെ വെടിക്കെട്ട് സെഞ്ചുറി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നേരത്തെ ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. പരിക്കുമാറി ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോൾ കൗമാരതാരം വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ആദ്യ മൂന്ന് കളികളിലും തിളങ്ങാൻ കഴിയാതിരുന്ന പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം മായങ്ക് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.




