പാക് സർക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതല്ലാതെ ബഹിഷ്‌കരണത്തെക്കുറിച്ച് ഐസിസിയുമായി ഔദ്യോഗികമായി ബന്ധപ്പെടാൻ പിസിബി ഇതുവരെ തയ്യാറായിട്ടില്ല.
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍റെ നീക്കം പാളിയതായി റിപ്പോർട്ട്. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ തേടി പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) അനൗപചാരിക ചർച്ചകൾ നടത്തിയെങ്കിലും ഒരു ബോർഡ് പോലും പാകിസ്ഥാനെ പിന്തുണച്ച് രംഗത്തുവരാന്‍ തയ്യാറായില്ല. ഇതോടെ ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാമെന്ന് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പാക് സർക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതല്ലാതെ ബഹിഷ്‌കരണത്തെക്കുറിച്ച് ഐസിസിയുമായി ഔദ്യോഗികമായി ബന്ധപ്പെടാൻ പിസിബി ഇതുവരെ തയ്യാറായിട്ടില്ല. ഔദ്യോഗികമായ ആശയവിനിമയത്തിന്‍റെ അഭാവവും പിസിബിയെ കൂടുതൽ ഒറ്റപ്പെടുത്താന്‍ കാരണമായെന്നും വിലയിരുത്തലുണ്ട്.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത് എന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ ഈ വാദത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മറ്റ് ക്രിക്കറ്റ് ബോർഡുകൾ തുറന്നടിച്ചു. ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന പാകിസ്ഥാന്‍റെ വാദം, ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു പ്രതിസന്ധി മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ കാണുന്നത്.
പാകിസ്ഥാന്‍റെ ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശശുദ്ധിയെയും വൈരുദ്ധ്യങ്ങളും മറ്റ് അംഗ ബോർഡുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈയിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ യാതൊരു പ്രതിഷേധമോ ബഹിഷ്‌കരണ ഭീഷണിയോ ഇല്ലാതെ പാകിസ്ഥാൻ യുവ ടീം ഇന്ത്യയ്‌ക്കെതിരെ കളിച്ചിരുന്നു.ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുന്നത് നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണെന്നും ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാൻ പറഞ്ഞ സുരക്ഷാ പ്രശ്നങ്ങൾ ശ്രീലങ്കയിലെ മത്സരത്തിന് ബാധകമല്ലെന്നും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ നിലപാടെടുത്തു.
ഐസിസിയുടെ ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയാൽ പാകിസ്ഥാന്‍ ക്രിക്കറ്റ് സാമ്പത്തികമായി തകരും. ഏകദേശം 38 മില്യൺ ഡോളറിൽ (300 കോടിയിലധികം രൂപ) പാക് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഒടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാല്‍ പാകിസ്ഥാന് ലോകകപ്പ് പോയിന്‍റുകൾ നഷ്ടമാകും. ഭാവി ടൂർണമെന്‍റുകളിൽ നിന്ന് വിലക്കും നേരിടാം.
