കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി റിയല്‍ കശ്മീരിനെ നേരിടും. വൈകിട്ട് ഏഴിന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഐസ്വാള്‍ എഫ്‌സിക്കെതിരെ നേടിയ ഉജ്ജ്വല ജയവുമായിട്ടാണ് റിയല്‍ കശ്മീര്‍ കോഴിക്കോടെത്തിയത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഗോകുലവുമായി ഏറ്റുമുട്ടുമ്പോള്‍ സ്ട്രൈക്കര്‍ റോബിന്‍ സിങ്ങ് ടീമിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ. ലാല്‍മാംഗൈസാന്‍ഗ റാല്‍റ്റയും റോബിന്‍ സിങ്ങും അടുത്തിടെയാണ് ഹൈദരാബാദ് എഫ്‌സിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ റിയല്‍ കാശ്മീരിലേക്ക് ചേക്കേറിയത്.

നിലവില്‍ ആറാം സ്ഥാനത്താണ് റിയല്‍ കശ്മീര്‍. മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും തുടരെ തുടരെ സമനിലകള്‍ വഴങ്ങേണ്ടി വരുന്നതാണ് ഗോകുലത്തിന്റെ ആരാധകരെ നിരാശരാക്കുന്നത്. ഇന്നത്തെ ഹോം മത്സരത്തില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്ത് എടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗോകുലം എഫ്.സി. കഴിഞ്ഞ കളിയില്‍ ട്രാവു എഫ്‌സിക്കെതിരെ ഗോള്‍ നേടിയ ഹെന്റി കിസേക്ക കൂട്ടുകെട്ടിലാണ് ടീമിന്റെ പ്രതീക്ഷ.

ഈ സീസണില്‍ കശ്മീരും ഗോകുലവും തമ്മില്‍ നടക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കശ്മീരിനായിരുന്നു ജയം. മറ്റെരു മത്സരം സമനിലയില്‍ കലാശിച്ചു.