ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയമാണ് ഇന്ന് ഇന്ത്യ ഗാബയില്‍ നേടിയത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ഇത്. അതേ സമയം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചായ് രംഗത്ത്. 

ഇതുവരെയുള്ള ഏറ്റവും മികച്ച ടെസ്റ്റ് വിജയങ്ങളില്‍ ഒന്ന്. ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍, ഓസ്ട്രേലിയ നന്നായി കളിച്ചു. എന്തൊരു പരന്പരയായിരുന്നു ഇത്.- പിച്ചായ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയങ്ങളില്‍ ട്വീറ്റ് ചെയ്തിട്ടുള്ളയാണ് സുന്ദര്‍ പിച്ചായ്. 

നേരത്തെ ഗാബ ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.