ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഓസീസിന് കനത്ത തിരിച്ചടി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ടീമില്‍ നിന്ന് പിന്മാറി. രണ്ടാം ടെസ്റ്റില്‍ പകരക്കാരനായെത്തിയ മര്‍നസ് ലബുഷാഗ്നെയായിരിക്കും സ്മിത്തിന്റെ പകരക്കാരന്‍. 

വ്യാഴാഴ്ച ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ആര്‍ച്ചറുടെ ബൗണ്‍സര്‍ സ്മിത്തിന്റെ കഴുത്തിലേല്‍ക്കുന്നത്. തുടര്‍ന്ന് സ്മിത്ത് കളം വിടുകയായിരുന്നു. ശേഷം തിരിച്ചെത്തിയെങ്കിലും പെട്ടന്ന് വിക്കറ്റ് നഷ്ടമായി. 

പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ കളിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ലെബുഷാഗ്നെയാണ് സ്മിത്തിന് പകരം മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ലബുഷാഗ്നെ 59 റണ്‍സ് നേടിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് തന്നെയാണ് മൂന്നാം ടെസ്റ്റില്‍ നറുക്ക് വീഴുക. 

ആഷസില്‍ ഇതുവരെ മൂന്ന് ഇന്നിങ്‌സുകള്‍ കളിച്ച സ്മിത്ത് രണ്ട് സെ്ഞ്ചുറികള്‍ നേടിയിരുന്നു. ലോര്‍ഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ 92 റണ്‍സ് നേടിയിരുന്നു സ്മിത്ത്.