ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന് കനത്ത തിരിച്ചടി. പേസര്‍ കഗിസോ റബാദ്ക്ക് പരമ്പരയില്‍ കളിക്കാനാവില്ല. കാല്‍തുടയ്‌ക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനാവില്ല. എന്നാല്‍ പകരക്കാരനാരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

നാലാഴ്ച്ചത്തെ വിശ്രമമാണ് റബാദയ്ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ മാര്‍ച്ച് 29ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റബാദ തിരിച്ചെത്തിയേക്കും. ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് റബാദ. എന്നാല്‍ പരിക്കിന്റെ പിടിയിലായിരുന്ന തെംബ ബവൂമ ടീമിലേക്ക് തിരിച്ചെത്തി.

ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ബവൂമയ്ക്ക് ഓസീസിനെതിരെ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഏകദിന ടീമിലേക്ക് പൂര്‍ണ കായികക്ഷമതയോടെ താരം തിരിച്ചെത്തി. പരിക്കേറ്റ് പുറത്തായിരുന്ന ഹെന്റിച്ച് ക്ലാസനും ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കും.