ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായാണ് അഭിഷേകും ഗില്ലും കളിക്കുന്നത്. ഇരുവരുടെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗ് വലിയ പങ്കു വഹിക്കുകയും ചെയ്തിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ ആദ്യം ബാറ്റിംഗ് കൊണ്ടും പിന്നീട് അമ്പയര്‍മാരുമായി ത‍ർക്കിച്ചും കളം നിറഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍ ഒടുവില്‍ അടുത്ത സുഹൃത്ത് കൂടിയായ ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കിട്ട് ഒരു ചവിട്ടും വെച്ചുകൊടുത്തു. ഇന്നലെ ഹൈദരാബാദ് ഇന്നിംഗ്സിനിടെയായിരുന്നു രസകരമായ നിമിഷം. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നത് കൂടിയായിരുന്നു ആ നിമിഷം.

ഗുജറാത്തിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗില്‍ 38 പന്തില്‍ 76 റണ്‍സടിച്ച് ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 225 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 41 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയായിരുന്നു ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ബാറ്റിംഗിനിടെ അഭിഷേകിനെതിരെ ഉയര്‍ന്ന ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചതിനെത്തുടര്‍ന്ന് ഗില്‍ റിവ്യു എടുക്കുകയും തുടര്‍ന്ന് അമ്പയറോട് തര്‍ക്കിക്കുകയും ചെയ്തിരുന്നു.

ബാറ്റ് ചെയ്യുന്നതിനിടെ ഇടക്ക് അഭിഷേകിന് ഫിസിയോയുടെ സഹായം തേടേണ്ടിവന്നിരുന്നു. ഗ്രൗണ്ടിലിരിക്കുകയായിരുന്ന അഭിഷേകിനെ ഫിസിയോ പരിശോധിക്കുന്നതിനിടെ അതുവഴി പോവുകയായിരുന്ന ഗില്‍ തിരിച്ചു നടന്നുവന്ന് സമയം പാഴാക്കരുതെന്ന് പറഞ്ഞ് അഭിഷേകിന് അടുത്തെത്തി കാലില്‍ ചവിട്ടി. തമാശയായിട്ടായിരുന്നു ഗില്‍ അത് ചെയ്തത്.

Scroll to load tweet…

അതുകൊണ്ട് തന്നെ ചെറുചിരി മാത്രമായിരുന്നു അഭിഷേകിന്‍റെ പ്രതികരണം. അടുത്ത ഓവറില്‍ അഭിഷേക് പുറത്താവുകയും ചെയ്തു. ഈ സമയം ഗില്‍ ഫീല്‍ഡിലുണ്ടായിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായാണ് അഭിഷേകും ഗില്ലും കളിക്കുന്നത്. ഇരുവരുടെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗ് വലിയ പങ്കു വഹിക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക