ബാക്കിയുള്ള രണ്ട് കളിയും ജയിച്ച് ആദ്യ പ്ലേ ഓഫിൽ ഇടം ഉറപ്പാക്കാനിറങ്ങുന്ന ഗുജറാത്തിന് ലക്നൗവിലേറ്റ തോൽവിക്ക് മറുപടി നൽകാനും ഉണ്ട്.
അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് ഉറപ്പിച്ച ആത്മവിശ്വാസത്തിൽ പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. മുന്നോട്ടുള്ള വഴികളെല്ലാം അടഞ്ഞ ലക്നൗ സൂപ്പർ ജയന്‍റസിന്‍റെ ലക്ഷ്യം ആശ്വാസ ജയമാണ്.
ബാക്കിയുള്ള രണ്ട് കളിയും ജയിച്ച് ആദ്യ പ്ലേ ഓഫിൽ ഇടം ഉറപ്പാക്കാനിറങ്ങുന്ന ഗുജറാത്തിന് ലക്നൗവിലേറ്റ തോൽവിക്ക് മറുപടി നൽകാനും ഉണ്ട്. സീസണിൽ ഗുജറാത്തിനെ തോൽപിച്ച മൂന്ന് ടീമുകളിൽ ഒന്നാണ് റിഷഭ് പന്തിന്‍റെ ലക്നൗ. കഴിഞ്ഞമാസം ഏറ്റുമുട്ടിയപ്പോൾ ആറ് വിക്കറ്റിനായിരുന്നു ലക്നൗവിന്‍റെ ജയം. ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ ത്രയത്തിന്‍റെ ബാറ്റിംഗ് കരുത്തിലാണ് ഗുജറാത്തിന്റെ മുന്നേറ്റം. ഇവരെ പിടിച്ചുകെട്ടിയാൽ ഹോം ഗ്രൗണ്ടിലെ ജയം അഹമ്മദാബാദിലും ആവർത്തിക്കാൻ പന്തിനും സംഘത്തിനും കഴിയും.
നോക്കൗട്ട് മത്സരത്തിന് മുൻപ് ടൈറ്റൻസ് മധ്യനിരയിൽ പരീക്ഷണം നടത്തിയേക്കും. റഷീദ് ഖാൻ പതിവ് ഫോമിലേക്ക് ഉയർന്നിട്ടില്ലെങ്കിലും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സായ് കിഷോർ, കാഗിസോ റബാഡ, അർഷാദ് ഖാൻ എന്നിവരുടെ കൈകളിൽ ബൗളിംഗ് നിര സുരക്ഷിതം. വമ്പൻ താരങ്ങൾ ഏറെയുണ്ടായിട്ടും നായകൻ പന്ത് ഉൾപ്പടെയുള്ളവർ നിറം മങ്ങിയതാണ് സൂപ്പർ ജയന്‍റ്സിന് തിരിച്ചടിയായത്. നിക്കോളാസ് പുരാന്‍റെയും മിച്ചല്‍ മാര്‍ഷിന്‍റെയും ബാറ്റിംഗ് മികവില്‍ തുടക്കത്തില്‍ മുന്നേറിയ ലക്നൗവിന് ഇരുവരും നിറം മങ്ങിയതോടെ തിരിച്ചടിയേറ്റു. ഇരുടീമും ഏറ്റുമുട്ടുന്ന ഏഴാമത്തെ മത്സരം. നാലിൽ ഗുജറാത്തും രണ്ടിൽ ലക്നൗവും ജയിച്ചു.
ഗുജറാത്ത് സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്‌ലർ, ഷെറഫൈൻ റൂഥർഫോർഡ്, രാഹുൽ തെവാത്തിയ, ഷാരൂഖ് ഖാൻ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, കാഗിസോ റബാഡ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ലക്നൗ സാധ്യതാ ഇലവന്‍: മിച്ചൽ മാർഷ്, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് ബഡോണി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, രവി ബിഷ്‌ണോയ്, വില്യം ഒറൂർക്ക്.


