Asianet News MalayalamAsianet News Malayalam

IPL 2022 : വൃദ്ധിമാന്‍ സാഹ നയിച്ചു; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ ജയം

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ സാഹ- ശുഭ്മാന്‍ (18) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗില്ലിനെ പുറത്താക്കി പതിരാന ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

gujarat titans won over chennai super kings by seven wickets
Author
Mumbai, First Published May 15, 2022, 7:28 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ 134 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 57 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് ഗുജറാത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് ജയത്തോടെ 13 മത്സരങ്ങളില്‍ 20 പോയിന്റായി. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ സാഹ- ശുഭ്മാന്‍ (18) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗില്ലിനെ പുറത്താക്കി പതിരാന ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ മാത്യൂ വെയ്ഡും (15 പന്തില്‍ 20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ മൊയീന്‍ അലിക്ക് വിക്കറ്റ് നല്‍കി വെയ്ഡും മടങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും (ആറ് പന്തില്‍ 7) കൂടുതലൊന്നും ചെയ്യാന്‍ സാധിച്ചില്ല. പതിരാന തന്നെ ഗുജറാത്തിനെ തിരിച്ചയച്ചു. എന്നാല്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടാവാന്‍ സാഹയും ഡേവിഡ് മില്ലറും (15) സമ്മതിച്ചില്ല. എട്ട്  ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സാഹയുടെ ഇന്നിംഗ്‌സ്.

നേരത്തെ, 49 പന്തില്‍ 53 റണ്‍സ് നേടിയ റിതുരാജ് ഗെയ്കവാദാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. നാരായണ്‍ ജഗദീഷന്‍ (33 പന്തില്‍ 39), മൊയീന്‍ അലി (17 പന്തില്‍ 21) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്മാര്‍. ഡെവോണ്‍ കോണ്‍വെ (5), ശിവം ദുബെ (0), എം എസ് ധോണി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കോണ്‍വെ, ധോണി എന്നിവരെയാണ് ഷമി പുറത്താക്കിയത്. ജഗദീഷനൊപ്പം മിച്ചല്‍ സാന്റ്‌നര്‍ (1) പുറത്താവാതെ നിന്നു. റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, സായ് കിഷോര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ നാല് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ തീക്ഷണ എന്നിവര്‍ പുറത്തായി. ജഗദീഷന്‍, പ്രശാന്ത് സോളങ്കി, മിച്ചല്‍ സാന്റ്‌നര്‍, മഹീഷ പതിരാന എന്നിവര്‍ ടീമിലെത്തി. ഗുജറാത്ത് മാറ്റമൊന്നും വരുത്തിയിരുന്നില്ല.
 

Follow Us:
Download App:
  • android
  • ios