ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇന്ന്് രണ്ട്് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നാണ് മുന്‍ പാക് താരം മുഹമ്മദ് ഹഫീസ് (Mohammad Hafeez) പറയുന്നത്. 

ദുബായ്: ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) ക്രിക്കറ്റ് മത്സരം എപ്പോഴും വീറും വാശിയും നിറഞ്ഞതാണ്. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിക്കാന്‍ ഈ മത്സരങ്ങള്‍ക്ക് ആവാറുണ്ട്. അതുപോലെ തന്നെയാണ് താരങ്ങളുടെ സമ്മര്‍ദ്ദവും. മറ്റേത് മത്സരത്തേക്കാളും താരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാവുന്നത് ഈയൊരു മാച്ചിലാണ്. അതിജീവിക്കുക വളരെയേറെ പ്രയാസകരം.

ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഇന്ന്് രണ്ട്് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ സാധിക്കൂവെന്നാണ് മുന്‍ പാക് താരം മുഹമ്മദ് ഹഫീസ് (Mohammad Hafeez) പറയുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (Virat Kohli) ഇപ്പോഴത്തെ നായകന്‍ രോഹിത് ശര്‍മയുമാണ് (Rohit Sharma) ഹഫീസിന്റെ മനസിലുള്ള താരങ്ങള്‍. ''കോലിയും രോഹിത്തുമാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരങ്ങള്‍. മറ്റുതാരങ്ങള്‍ മോശക്കാരെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഇന്ത്യ-പാക് പോലൊരു മത്സരത്തില്‍ ഇവര്‍ രണ്ടു പേര്‍ ഇല്ലാതെ ടീമിലെ മറ്റംഗങ്ങള്‍ക്ക് കൈകാര്യം ചെയ്യുക അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യക്കെതിരെ ഞാനൊരുപാട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇരു ടീമംഗങ്ങള്‍ക്കും കടുത്ത സമ്മര്‍ദമാണ് അനുഭവിക്കേണ്ടിവരിക.'' ഹഫീസ് വ്യക്തമാക്കി. 

നിലവില്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഏഷ്യന്‍ ലയണ്‍സിന്റെ താരമാണ് ഹഫീസ്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ കഴിഞ്ഞയാഴ്ച ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ- പാക് മത്സരം. 

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ തോല്‍വി ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയെ പുറത്തെക്കെറിഞ്ഞു. കഴിഞ്ഞ പരാജയത്തിന്റെ പക ഇന്ത്യക്കുണ്ടാവും.